മനാമ: ബഹിരാകാശ പദ്ധതികളുടെ ആസൂത്രണത്തെക്കുറിച്ചുള്ള ശിൽപശാല നടത്തി ബഹ്റൈൻ സ്പേസ് ഏജൻസി (ബി.എസ്.എ). യു.എൻ അനുബന്ധ സ്ഥാപനമായ റീജനൽ സെൻറർ ഫോർ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി എജുക്കേഷൻ ഫോർ വെസ്റ്റേൺ ഏഷ്യയുമായി സഹകരിച്ചായിരുന്നു ശിൽപശാല. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ബഹിരാകാശ മേഖലയിലെ പ്രാദേശിക സഹകരണം വളർത്തുന്നതിനും കാഴ്ചപ്പാടുകൾ ഏകീകരിക്കലുമായിരുന്നു ലക്ഷ്യം.
സ്പേസ് എൻജിനീയറിങ് സ്പെഷലിസ്റ്റ് യാക്കൂബ് അൽ ഖസാബ് ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലുള്ള ബഹ്റൈന്റെ ചരിത്രം, ദേശീയ ബഹിരാകാശ നയരൂപരേഖ, ഏജൻസിയുടെ 2024-2028 തന്ത്രപരമായ പദ്ധതിയുടെ നിർവഹണരീതി എന്നിവയെക്കുറിച്ച് അവതരണം നടത്തി. അന്താരാഷ്ട്ര സഹകരണം, ശാസ്ത്രീയ ഗവേഷണ നിക്ഷേപം, ദേശീയശേഷി വർധിപ്പിക്കൽ, ബഹിരാകാശ പദ്ധതികൾക്ക് പിന്തുണ നൽകുന്ന അടിസ്ഥാനസൗകര്യങ്ങളുടെ പ്രാധാന്യം എന്നിവ വിജയഘടകങ്ങളായി അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബി.എസ്.എ ചീഫ് സാറ്റലൈറ്റ് ഡിസൈൻ ഡിപ്പാർട്മെന്റ് മേധാവി ആഇശ അൽ ഹറം പദ്ധതികളെ എങ്ങനെ പ്രായോഗികമാക്കാം എന്നതിൽ കേസ് സ്റ്റഡി അവതരിപ്പിച്ചു. യു.എ.ഇയുമായി ചേർന്ന് വികസിപ്പിച്ച "ലൈറ്റ്-1" (2021) ഉപഗ്രഹത്തിന്റെയും എംബഡഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ ആദ്യത്തെ അറബ് ഉപഗ്രഹമായ ‘അൽ മുൻദിർ’ (2025) എന്ന ദേശീയ ഉപഗ്രഹത്തിന്റെയും വിജയങ്ങളെ അവർ എടുത്തുപറഞ്ഞു. ഈ പദ്ധതികൾ വിജയകരമായ പൂർത്തിയാക്കലിൽ യുവ ബഹ്റൈനി പ്രതിഭകൾക്ക് നിർണായക പങ്കുണ്ടെന്നും അൽ ഹറം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.