മനാമ: നിർമിതബുദ്ധി (എ.ഐ)യുടെ കാര്യക്ഷമമായ ഉപയോഗത്തിന് ദേശീയ നയം പുറത്തിറക്കി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ). ഉത്തരവാദിത്തമുള്ളതും ധാർമികവുമായ ഉപയോഗത്തിനുള്ള നയങ്ങളാണ് ഐ.ജി.എ ഔദ്യോഗിക വെബ്സൈറ്റായ www.iga.gov.bh ൽ പ്രസിദ്ധീകരിച്ചത്. കൂടാതെ എ.ഐയുടെ നൈതിക ഉപയോഗത്തെക്കുറിച്ചുള്ള ജി.സി.സി മാർഗരേഖ അംഗീകരിച്ചതായും പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രിയും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി മന്ത്രിതലസമിതി ചെയർമാനുമായ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസൃതമായാണ് സമഗ്രമായ ഒരു ചട്ടക്കൂട് പ്രഖ്യാപിച്ചത്. ബഹ്റൈൻ സാമ്പത്തികദർശനം 2030, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവക്കനുസൃതമായി സാമ്പത്തികവും സാമൂഹികവുമായ വളർച്ചയെ പിന്തുണക്കാനും സർക്കാറിന്റെ കാര്യക്ഷമത വർധിപ്പിക്കാനും എ.ഐയുടെ സുരക്ഷിതവും ധാർമികവുമായ പ്രയോഗം ഉറപ്പാക്കാനുമാണ് നയം ലക്ഷ്യമിടുന്നതെന്ന് ഐ.ജി.എ ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖ്വയ് പറഞ്ഞു.
വ്യക്തിഗത ഡേറ്റാ സംരക്ഷണ നിയമം, സംസ്ഥാന രേഖകളുടെയും വിവരങ്ങളുടെയും സംരക്ഷണ നിയമം, ഓപൺ ഡേറ്റാ നയം, എ.ഐയുടെ നൈതിക ഉപയോഗത്തെക്കുറിച്ചുള്ള ജി.സി.സി മാർഗരേഖ എന്നിവയുൾപ്പെടെ പ്രധാന ദേശീയ നിയമങ്ങളും ചട്ടക്കൂടുകളും പാലിക്കുക എന്നതിനാണ് നയം പ്രാധാന്യം നൽകുന്നത്.
സർക്കാർ സ്ഥാപനങ്ങളിൽ എ.ഐ സാങ്കേതികവിദ്യകൾ പ്രഫഷനലായും ധാർമികമായും ഉപയോഗിക്കാൻ ഉദ്യോഗസ്ഥരെ പഠിപ്പിക്കേണ്ടതിന്റെയും പ്രാപ്തരാക്കേണ്ടതിന്റെയും പ്രാധാന്യം അൽ ഖായിദ് എടുത്തുപറഞ്ഞു.
പ്രഖ്യാപിക്കപ്പെട്ട ഈ ദേശീയ ചട്ടക്കൂട് നൂതന സാങ്കേതികവിദ്യകളിൽ പൊതുജനവിശ്വാസം വർധിപ്പിക്കാനും സുസ്ഥിരമായ, നവീകരണ-അധിഷ്ഠിത ഡിജിറ്റൽ സമൂഹത്തെ വളർത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. ബന്ധപ്പെട്ട നിയമങ്ങളോടും നയങ്ങളോടുമുള്ള പ്രതിബദ്ധത, പൊതുസേവനങ്ങളിൽ പ്രത്യേകിച്ച് സർക്കാർതലങ്ങളിൽ എ.ഐ ഉപയോഗം പ്രോത്സാഹിപ്പിക്കുക, എ.ഐ ഉപയോഗിച്ച് ജീവനക്കാരെ ശാക്തീകരിക്കുക, നവീകരണത്തെ പിന്തുണക്കാൻ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയിലാണ് നയം ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.