മനാമ: പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വിഡിയോ കാളുകൾ ചെയ്ത് തട്ടിപ്പുനടത്തുന്നതിനെതിരെ ജാഗ്രത മുന്നറിയിപ്പുമായി പൊലീസ്. ഇത്തരക്കാരെ കരുതിയിരിക്കണമെന്നുമാണ് പൊതുജനങ്ങളോടുള്ള പൊലീസിന്റെ മുന്നറിയിപ്പ്. ചിലർ വിഡിയോ കാളുകളിൽ പൊലീസിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട് കാലഹരണപ്പെട്ട രേഖകൾ നിങ്ങൾ കൈവശം വെച്ചിട്ടുണ്ടെന്നും അല്ലെങ്കിൽ മറ്റെന്തെങ്കിലും നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും പറഞ്ഞ് പിഴയായി പണം ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും അത്തരക്കാർക്ക് ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പുനൽകി.
വ്യാജ യൂനിഫോമുകളോ ഔദ്യോഗികമായി തോന്നുന്ന രൂപങ്ങളോ കണ്ട് തെറ്റിദ്ധരിക്കരുതെന്നും അവയെല്ലാം എളുപ്പത്തിൽ വ്യാജമായി നിർമിക്കാൻ കഴിയുന്നവയാണെന്നും ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു. സംശയം തോന്നുകയാണെങ്കിൽ, ഉടൻതന്നെ കാൾ വിച്ഛേദിക്കുകയും സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യണം. സഹായത്തിനും വിവരങ്ങൾ അറിയിക്കുന്നതിനും അഴിമതി വിരുദ്ധ, ഇലക്ട്രോണിക് സുരക്ഷാ ഹോട്ട്ലൈനായ 992ൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.