മനാമ: രാജ്യത്തെ എണ്ണ ഇതര ഇറക്കുമതിയിൽ ഗണ്യമായ വളർച്ചയെന്ന് റിപ്പോർട്ട്. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) പുറത്തുവിട്ട 2025 മേയിലെ വിദേശ വ്യാപാര റിപ്പോർട്ട് പ്രകാരം 2024 മേയ് മാസത്തെ അപേക്ഷിച്ച് എണ്ണ ഇതര വസ്തുക്കളിൽ ഏഴ് ശതമാനത്തിന്റെ അധിക ഇറക്കുമതിയാണുണ്ടായത്. 2024 മേയിൽ 466 ദശലക്ഷം ദീനാറിന്റെ വസ്തുക്കൾ ഇറക്കുമതി ചെയ്തപ്പോൾ 2025ൽ അത് 498 ദശലക്ഷം ദീനാറായി ഉയർന്നു. എന്നാൽ 2025 ഏപ്രിലിനെ അപേക്ഷിച്ച് ഇറക്കുമതിയിൽ 13 ശതമാനത്തിന്റെ കുറവാണ് മേയിൽ രേഖപ്പെടുത്തിയത്.
2025 മേയിലെ ബഹ്റൈന്റെ മൊത്തം വിദേശ വ്യാപാരം 880 ദശലക്ഷം ദീനാറായിരുന്നു. ഇത് 2025 ഏപ്രിലിനെ അപേക്ഷിച്ച് 11 ശതമാനം കുറവാണെങ്കിലും കഴിഞ്ഞവർഷം ഇതേ മാസത്തെ അപേക്ഷിച്ച് ആറ് ശതമാനം വർധനയാണ് വ്യക്തമാക്കുന്നത്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ തുടർച്ചയായ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
രാജ്യത്തെ ആകെ ഇറക്കുമതിയുടെ 71 ശതമാനവും 10 രാജ്യങ്ങളിൽ നിന്നാണ്. മൊത്തം ഇറക്കുമതിയുടെ 15 ശതമാനം ചൈനയിൽ നിന്നാണ്. 75 ദശലക്ഷം ദീനാറിന്റെ ബിസിനസാണ് ചൈനയുമായി നടന്നത്.
യു.എ.ഇ 10 ശതമാനവും ആസ്ട്രേലിയ ഒമ്പത് ശതമാനവും മേയിൽ മാത്രം രാജ്യത്തേക്ക് എണ്ണയിതര വസ്തുക്കൾ ഇറക്കുമതി ചെയ്തു. എന്നാൽ 322 ദശലക്ഷം ദീനാറിന്റെ വസ്തുക്കളാണ് രാജ്യത്ത് നിന്ന് ഈ വർഷം മേയിൽ കയറ്റുമതി ചെയ്തത്. ഇത് ഏപ്രിലിനെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവാണെങ്കിലും 2024 മേയ് മാസത്തെ അപേക്ഷിച്ച് രണ്ട് ശതമാനത്തിന്റെ വർധനയാണ് വ്യക്തമാക്കുന്നത്. സൗദിയിലേക്കാണ് ഏറ്റവും കൂടുതൽ കയറ്റുമതിയുണ്ടായത്.
ചൈന, സൗദി അറേബ്യ, യു.എ.ഇ എന്നിവയാണ് ബഹ്റൈന്റെ പ്രധാന വ്യാപാര പങ്കാളികൾ. വ്യാപാര പ്രവർത്തനങ്ങളിൽ പ്രതിമാസം കുറവുണ്ടായെങ്കിലും, ബഹ്റൈന്റെ വാർഷിക കണക്കുകൾ പ്രകാരം ഇറക്കുമതിയിലും പുനർ കയറ്റുമതിയിലും വർധന രേഖപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.