അമേരിക്കയിലെത്തിയ കിരീടാവകാശിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മനാമ: ഔദ്യോഗികസന്ദർശനത്തിനായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അമേരിക്കയിലെത്തി.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പങ്കിട്ട ലക്ഷ്യങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുമായി പ്രധാന മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികൾ അദ്ദേഹം ആരായും.ചൊവ്വാഴ്ച വൈകീട്ട് യു.എസിലെത്തിയ കിരീടാവകാശി യു.എസ് വ്യാപാര പ്രതിനിധി അംബാസഡർ ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്തി.ബഹ്റൈനി, അമേരിക്കൻ കമ്പനികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി യു.എസ് ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വീകരണത്തിലും പങ്കെടുത്തു.
ബഹ്റൈനിലെയും അമേരിക്കയിലെയും സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ഹിസ് റോയൽ ഹൈനസിന്റെ അമേരിക്കൻ സന്ദർശനവേളയിൽ പ്രഖ്യാപിക്കും. അമേരിക്കൻപ്രതിനിധികൾക്കൊപ്പം പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ധന മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, നിയമകാര്യ മന്ത്രിയും തൊഴിൽ ആക്ടിങ് മന്ത്രിയുമായ യൂസഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫ്, വ്യവസായ വാണിജ്യമന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റൂ, അമേരിക്കയിലെ ബഹ്റൈൻ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ റാശിദ് അൽ ഖലീഫ എന്നിവരാണ് കിരീടാവകാശിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.