അപകടത്തിൽ തകർന്ന കാർ (ഫയൽ)
മനാമ: സാറിൽ നടന്ന വാഹനാപകടത്തിലെ പ്രതിക്ക് ഒമ്പത് വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. അപകടം വരുത്തിവെച്ചതിന് ആറ് വർഷവും മയക്കുമരുന്ന് കൈവശം വെച്ച കേസിൽ മൂന്ന് വർഷത്തെ അധിക തടവുമാണ് 29 കാരനായ ബഹ്റൈനി യുവാവിന് ക്രിമിനൽ കോടതി വിധിച്ചത്. കൂടാതെ 3000 ദീനാർ പിഴയുമടക്കണം. ശിക്ഷാകാലയളവിന് ശേഷം ഒരു വർഷം പ്രതിയുടെ ലൈസൻസ് റദ്ദാക്കും. അപകടത്തിന് കാരണമായ കാറ് കണ്ടുകെട്ടാനും കോടതി വിധിച്ചു. മേയ് 30ന് സാറിലെ ഹൈവേയിലായിരുന്നു അപകടമുണ്ടായത്. ദമ്പതികളും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിലേക്ക് പ്രതി സഞ്ചരിച്ച കാർ അമിത വേഗത്തിൽ വന്നിടിക്കുകയായിരുന്നു.
അപകടത്തിൽ 40 വയസ്സുകാരനായ അഹമ്മദ് അൽ ഓറൈദ്, 36 കാരിയായ ഭാര്യ ഫാത്തിമ അൽ ഖൈദൂം എന്നിവർ സംഭവദിവസംതന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മക്കളിൽ ഏഴുവയസ്സുകാരനായ അബ്ദുൽ അസീസ് ജൂൺ 13നും മരിച്ചു. സാരമായ പരിക്കേറ്റ 12ഉം ഒമ്പതും വയസ്സായ മറ്റ് രണ്ട് പേർക്ക് രോഗം ഭേദമായിവരുകയാണ്. അവരിപ്പോൾ ബന്ധുവീട്ടിൽ വിശ്രമത്തിലാണ്.
അപകടസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും തെറ്റായ ദിശയിൽ വാഹനമോടിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിനെതുടർന്ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു. പ്രതിയുടെ അഭിഭാഷകൻ തന്റെ കക്ഷിക്ക് അപസ്മാരം വന്നതും വാഹനത്തിന്റെ ടയർ പൊട്ടിയതുമാണ് അപകടത്തിന് കാരണമായതെന്ന് വാദിച്ചിരുന്നു. പ്രതി ബ്രെയിൻ ട്യൂമർ ബാധിതനാണെന്നും അതിനാൽ ദയയോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിക്കുന്ന അപസ്മാര മരുന്നുകൾ കിഡ്നിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും അതിനാലാണ് രക്തപരിശോധനയിൽ ലഹരി ഉപയോഗിച്ചെന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കോടതി ഇതൊന്നും മുഖവിലക്കെടുത്തില്ല. പ്രതിയുടെ പ്രവൃത്തികളെ 'പൊറുക്കാനാവാത്തത്' എന്ന് വിശേഷിപ്പച്ചാണ് പ്രോസിക്യൂഷൻ വാദിച്ചത്. ലഹരി ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്നും അവർ ആരോപിച്ചിരുന്നു. പ്രതി എതിർദിശയിലേക്ക് വാഹനം കയറ്റി നിരപരാധികളായ ജീവനുകൾ അപഹരിക്കുകയായിരുന്നെന്നും അദ്ദേഹം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.