മനാമ: ഒരു വർഷത്തിനിടെ നിയമലംഘകരായ പതിനായിരത്തോളം അനധികൃത പ്രവാസികളെ നാടുകടത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). കഴിഞ്ഞവർഷം മുതൽ രാജ്യത്തുടനീളം നടത്തിയ പരിശോധനകളുടെയും സംയുക്ത കാമ്പയിനുകളുടെയും ഭാഗമായി പിടികൂടിയ പ്രവാസികളെയാണ് നാടുകടത്തിയത്. എൽ.എം.ആർ.എ പുറത്തുവിട്ട പുതിയ കണക്കുകൾ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്കെതിരായ പരിശോധനകളും കാമ്പയിനുകളും അധികരിപ്പിച്ചിട്ടുണ്ടെന്നും തടങ്കലും നാടുകടത്തലും വർധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. നിയമലംഘകർക്കെതിരായ നടപടി ദിനംപ്രതി കർശനമാക്കുകയാണ് എൽ.എം.ആർ.എ. രാജ്യത്തെ നാല് ഗവർണറേറ്റുകളിലുമായി എല്ലാ ആഴ്ചകളിലും ഇത്തരത്തിലുള്ള പരിശോധനകൾ നടത്താറുണ്ട്.
കഴിഞ്ഞവർഷം ജനുവരി മുതൽ മൊത്തത്തിൽ 82,941 പരിശോധനകളും 1,172 സംയുക്ത കാമ്പയിനുകളും നടത്തി. ഇതിന്റെ ഫലമായി 3,245 നിയമലംഘനങ്ങൾ കണ്ടെത്തുകയും 9,873 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ജൂൺ 29 മുതൽ ജൂലൈ 12 വരെ മാത്രം നടത്തിയ പരിശോധനകളിൽ 19 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 242 പ്രവാസികളെ നാടുകടത്തുകയും ചെയ്തു.നിയമവിരുദ്ധമായ തൊഴിൽരീതികളും അനധികൃത കുടിയേറ്റങ്ങളും നിയമലംഘനങ്ങളും ശ്രദ്ധയിൽപെട്ടാൽ www.lmra.gov.bh എന്ന വെബ്സൈറ്റ് വഴിയോ 17506055 എന്ന നമ്പറിൽ വിളിച്ചോ സർക്കാറിനുള്ള നിർദേശങ്ങളും പരാതികളും സമർപ്പിക്കുന്ന തവാസുൽ വഴിയോ റിപ്പോർട്ട് ചെയ്യാൻ ജനങ്ങൾക്ക് അധികൃതരുടെ ഔദ്യോഗിക നിർദേശമുണ്ട്.
ടൂറിസ്റ്റ് വിസകളുടെ ദുരുപയോഗം തടയാനും തൊഴിൽ തേടുന്നവർ തൊഴിലുടമകൾ നൽകുന്ന ശരിയായ വർക്ക് പെർമിറ്റുകളുമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി സമീപവർഷങ്ങളിൽ ബഹ്റൈൻ കർശനമായ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ബഹ്റൈനികൾക്ക് തൊഴിലവസരങ്ങൾ നൽകി പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മ കുറക്കുന്നതിനും ഈ നടപടികൾ ലക്ഷ്യമിടുന്നു.പുതിയ നിയമങ്ങൾ കൊണ്ടുവന്നത് വലിയ സ്വാധീനം ചെലുത്തിയെന്നും ടൂറിസ്റ്റ് അല്ലെങ്കിൽ വിസിറ്റ് വിസകൾ വർക്ക് പെർമിറ്റുകളാക്കി മാറ്റുന്നത് 87 ശതമാനത്തിലധികം കുറഞ്ഞെന്നും എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് നിബ്രാസ് താലിബ് പറഞ്ഞിരുന്നു. പുതിയ നിയമങ്ങൾ പ്രകാരം, സ്പോൺസറുടെ സഹായമില്ലാതെ ഒരു വിസിറ്റ് വിസയെ ഇനി വർക്ക് വിസയായോ ആശ്രിത വിസയായോ മാറ്റാനാവില്ല.
എന്നാൽ സ്പോൺസറുള്ള സന്ദർശന വിസകൾ, അതേ സ്പോൺസറുടെ സഹായത്തോടെ പുതുക്കിയ നിരക്കായ 250 ദീനാർ നൽകിയാൽ വർക്ക് വിസയിലേക്കോ ആശ്രിത വിസയിലേക്കോ മാറ്റാം. നേരത്തേ ഇത്തരത്തിൽ വിസ മാറ്റാൻ 60 ദീനാറായിരുന്നു ചിലവ്. കഴിഞ്ഞവർഷത്തെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ബഹ്റൈനിലെ മൊത്തം ജനസംഖ്യ 1,588,670 ആയി. ഇതിൽ 739,736 (46.6 ശതമാനം) ബഹ്റൈനികളും 848,934 (53.4 ശതമാനം) ബഹ്റൈനികളല്ലാത്തവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.