മനാമ: കടുത്ത മദ്യപാനത്തിന് അടിമയായ രോഗിക്ക് മയക്കുമരുന്ന് നൽകിയ കേസിൽ ഒരു പുരുഷ സൈക്യാട്രിക് നഴ്സിന് ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവും 1,000 ബഹ്റൈൻ ദിനാർ പിഴയും വിധിച്ചു. 39 വയസ്സുകാരനായ പ്രതിക്കെതിരെ രോഗിയുടെ ബന്ധുക്കൾ ആശുപത്രിയിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണമാരംഭിച്ചതും കുറ്റം ചെയ്തതായി കണ്ടെത്തിയതും.
ചോദ്യംചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചിരുന്നെങ്കിലും പ്രായമായ രോഗിക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യദിവസംതന്നെ പ്രതി മയക്കുമരുന്ന് നൽകിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇത്തരത്തിൽ ലഹരി ആസക്തിയുള്ള രോഗികളെ കണ്ടെത്തി ഉയർന്ന വിലക്ക് ഇത്തരത്തിൽ മയക്കുമരുന്നുകൾ എത്തിച്ചുനൽകുന്നതിന് പ്രതി ശ്രമിച്ചിരുന്നതായും പ്രോസിക്യൂട്ടർമാർ അറിയിച്ചു.
നേരത്തേ വ്യക്തിഗത ഉപയോഗത്തിനായി മയക്കുമരുന്ന് കൈവശംവെച്ചതിനും ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അറസ്റ്റിന് ഏകദേശം രണ്ട് മാസം മുമ്പാണ് പ്രതി ഇരയെ കണ്ടുമുട്ടിയതെന്നും രോഗിയെ ഡിസ്ചാർജ് ചെയ്ത ശേഷവും ഇദ്ദേഹം മയക്കുമരുന്ന് നൽകുന്നത് തുടർന്നെന്നും വെളിപ്പെടുത്തി. രാത്രിയിൽ ഇരയെ സന്ദർശിച്ച് സിഗരറ്റ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ ഹഷീഷ് നൽകുകയും ചെയ്യുമായിരുന്നു. രോഗിയുടെ ആരോഗ്യം പരിഗണിക്കാതെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതടക്കം പരിഗണിച്ച് പ്രതിക്ക് തക്കതായ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.