കുവൈത്ത് മദ്യദുരന്തം: 40 ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: മദ്യദുരന്തത്തിൽ 40 ഓളം ഇന്ത്യക്കാരെ വിവിധ ആശുപത്രിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ ചിലർ അത്യാഹിത നിലയിലാണ്. വിഷയത്തിൽ എംബസി ഏകോപനം നടത്തിവരികയാണ്.

ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും ഉദ്യോഗസഥരും ആശുപത്രികളിൽ സന്ദർശനം നടത്തി സഥിതിഗതികൾ വിലയിരുത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും ആശുപത്രികളുമായും എംബസി എകോപനം നടത്തിവരികയാണ്. കഴിഞ്ഞ ഞായറാഴ്ച പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു ഫർവാനിയ, അദാൻ ആശുപത്രികളിൽ നിരവധി പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ, രാജ്യം എന്നിവ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വിവരങ്ങൾ അറിയുന്നതിനായി എംബസി ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് +965-65501587 നമ്പരിൽ വാട്സാപ്പിലും റഗുലർ കോളിലും ബന്ധപ്പെടാം.

പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ച് 13 പേർ മരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മെഥനോൾ കലർന്ന പാനീയം കഴിച്ചതിനെ തുടർന്ന് ശനിയാഴ്ച മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ 63 പേരാണ് ചികിത്സ തേടിയത്. ഇതിൽ 13 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇരകളെല്ലാം ഏഷ്യൻ പൗരന്മാരാണ്.

നിരവധി പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. 31 കേസുകളിൽ സി.പി.ആർ ചികിത്സ നൽകി. 51 പേർ അടിയന്തര ഡയാലിസിസിന് വിധേയരായി. 21 പേർക്ക് സ്ഥിരമായോ താൽക്കാലികമായോ കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം വാർത്തകുറിപ്പിൽ അറിയിച്ചു. വിഷയത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പുകളും തമ്മിൽ ഏകോപനം തുടരുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Kuwait liquor tragedy: 40 Indians hospitalized, says Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.