സലാല: വാണിജ്യപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സംരംഭകരെ പിന്തുണക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഖരീഫ് സീസൺ ആരംഭിച്ചതിനുശേഷം 600ലധികം താൽക്കാലിക വർക്ക് പെർമിറ്റുകൾ നൽകിയതായി അധികൃതർ അറിയിച്ചു. ദോഫാർ ഡയറക്ടറേറ്റ് വഴിയാണ് തൊഴിൽ മന്ത്രാലയം വർക്ക് പെർമിറ്റുകൾ അനുവദിച്ചത്. ഒമാനികൾക്കായി നീക്കിവെച്ചതല്ലാത്ത ജോലികൾക്കാണ് താൽക്കാലിക പെർമിറ്റുകൾ സൗജന്യമായി നൽകുന്നതെന്ന് മന്ത്രാലയത്തിന്റെ ദോഫാറിലെ ലേബർ ഡയറക്ടറേറ്റിന്റെ ഡയറക്ടർ ജനറർ വ്യക്തമാക്കി.
പൗരന്മാർ സാധാരണ ഏറ്റെടുക്കാൻ മടിക്കുന്ന തൊഴിൽമേഖലയിലാണ് പ്രവാസി തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്നത്. സീസണൽ തൊഴിൽ നിയന്ത്രിക്കുന്നതിനും ചെറുകിട ബിസിനസുകളിൽനിന്നും സംരംഭകരിൽനിന്നും പ്രത്യേകിച്ച് ഭക്ഷ്യസേവനങ്ങൾ, ലോജിസ്റ്റിക്സ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള ആവശ്യകതകൾ പരിഹരിക്കാൻ ഇത്തരം നിയമനങ്ങൾ സഹായകമാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ചെറുകിട, സീസണൽ സംരംഭങ്ങളുടെ ഉടമകളിൽ നിന്ന് ഈ സേവനത്തിന് ശക്തമായ ആവശ്യമാണ് ഉയർന്നിട്ടുള്ളത്. തൊഴിൽ നിയന്ത്രണങ്ങൾ ലംഘിക്കാതെ തൊഴിൽശക്തിയുടെ പിന്തുണ നൽകുന്നതിന് നിയമപരമായ സംവിധാനം ഇത് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഫീസ് ഒഴിവാക്കി അപേക്ഷപ്രക്രിയയും അംഗീകാരപ്രക്രിയയും കാര്യക്ഷമമാക്കുന്നതിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഭരണപരമായ ബാധ്യതകൾ കുറക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ പ്രവർത്തനമേഖലകളിലും നിയമപരമായ തൊഴിൽസംരക്ഷണം ഇത് ഉറപ്പാക്കുന്നു. ഖരീഫ് സീസണിൽ പതിനായിരക്കണക്കിന് സന്ദർശകരെ സ്വാഗതം ചെയ്യുന്ന ദോഫാർ ഗവർണറേറ്റിൽ പ്രാദേശികവും കാലാനുസൃതവുമായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലമായ സർക്കാർ നടപടികളുടെ ഭാഗമായാണ് ഈ ശ്രമം.
ടൂറിസത്തിന്റെയും റീട്ടെയിൽ സേവനങ്ങളുടെയും ഗുണനിലവാരവും വ്യാപ്തിയും വർധിപ്പിക്കുന്നതിനൊപ്പം നല്ല രീതിയിൽ നിയന്ത്രിതമായ ബിസിനസ് അന്തരീക്ഷം നിലനിർത്താനും ഈ സൗകര്യം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദോഫാറിന്റെ വിലായത്തുകളിലുടനീളം ടൂറിസംപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നതോടെ, താൽക്കാലിക പെർമിറ്റുകൾക്കായുള്ള ആവശ്യം വരും ആഴ്ചകളിൽ കൂടുതലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖരീഫ് സീസണിൽ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്കിടയിൽ താൽക്കാലിക തൊഴിലാളി കൈമാറ്റത്തിനുള്ള പുതിയ സേവനം ജൂലൈയിലാണ് തൊഴിൽ മന്ത്രാലയം തുടക്കം കുറിച്ചത്. കമ്പോളം നിയന്ത്രിക്കുന്നതിനും ഒമാനി സംരംഭകരെ പിന്തുണക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഈ പുതിയ സേവനം ടൂറിസം സീസണിൽ തൊഴിലുടമകൾക്ക് തൊഴിലാളികളെ താൽക്കാലികമായി കൈമാറാൻ അനുവദിക്കുന്നു.
ഖരീഫ് കാലയളവിൽ വർധിച്ചുവരുന്ന തൊഴിലാളി ആവശ്യകത നിറവേറ്റുന്നതിനും അതേസമയം തൊഴിൽനിയമങ്ങളുടെ പാലനവും ന്യായമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. തൊഴിലാളി കൈമാറ്റ പ്രക്രിയക്ക് ഡയറക്ടറേറ്റ് നൽകുന്ന അംഗീകൃത അപേക്ഷ ഫോറത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.