സമ്പാദ്യശീലം കുടുംബഭദ്രതക്കും സന്തോഷത്തിനും ഒരു സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. സാമ്പത്തികമായി ഉയർന്നുനിൽക്കുന്നവർ ഈ കാര്യങ്ങൾക്ക് അത്ര പ്രാധാന്യം നൽകാറില്ല. നേരത്തെ വിവരിച്ചതുപോലെ ധാരാളം സമ്പാദ്യനിക്ഷേപപദ്ധതികൾ ഇന്ന് ലഭ്യമാണ്. ബാങ്ക് നിക്ഷേപങ്ങൾ, ബാങ്കിതര നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരി നിക്ഷേപങ്ങൾ, കടപ്പത്രങ്ങൾ, സർക്കാർ ബോണ്ടുകൾ, ചിട്ടികൾ, സ്വർണം, വെള്ളി, റിയൽ എസ്റ്റേറ്റ് എന്നിവയാണ് പൊതുവെ പ്രവാസികൾ തെരഞ്ഞെടുക്കുന്നത്. മേൽപ്പറഞ്ഞ നിക്ഷേപങ്ങൾ ഓരോന്നിനും അതിന്റേതായ ഗുണദോഷങ്ങൾ ഉണ്ട്. ആയതുകൊണ്ട് ഓരോ പദ്ധതികളെപ്പറ്റി ഒരു സാമാന്യ അറിവ് ആവശ്യമാണ്. മാത്രമല്ല ഈ അറിവുകൾ ഈ പദ്ധതികളിൽ തന്നെ മെച്ചപ്പെട്ട ആദായം ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കും.
സേവിങ്സ് എങ്ങനെ, എപ്പോൾ, എവിടെ, എത്ര കാലത്തേക്ക് എന്നീ കാര്യങ്ങളും വിശദമായി പ്രതിപാദിക്കാം. അതിനുമുന്നേ മേൽപ്പറഞ്ഞ പദ്ധതികളെപ്പറ്റി ശരിയായി മനസ്സിലാക്കുന്നതിന് ആർക്കൊക്കെ ഏതൊക്കെ പദ്ധതികൾ അനുയോജ്യമാണ് എന്നറിയേണ്ടതുണ്ട്. പൊതുവെ നിക്ഷേപകരെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഇത് അവരുടെ പ്രായം, സമ്പാദ്യത്തിന്റെ ഉദ്ദേശ്യം, പണത്തിന്റെ പിന്നീടുള്ള ആവശ്യം, റിസ്ക് എടുക്കാനുള്ള കഴിവ്, പണത്തിന്റെ സുരക്ഷിതത്വം, നിക്ഷേപത്തിന്റെ ആദായം എന്നിവയെ ആശ്രയിച്ചിരിക്കുന്നു
ഉയർന്ന റിട്ടേൺ ലഭിക്കാൻ വലിയ അപകടസാധ്യതകൾ എടുക്കുന്ന ഒരാളാണ് അഗ്രസിവ് നിക്ഷേപകൻ. അവർ പലപ്പോഴും അതിവേഗം വളരുന്ന കമ്പനികളിലോ പുതിയ വിപണികളിലോ നിക്ഷേപം നടത്തുകയും വലിയ നേട്ടങ്ങളുടെ സാധ്യതകൾക്കായി ദീർഘകാലം കാത്തിരിക്കുകയും ചെയ്യുന്നു. വലിയ റിസ്ക് എടുക്കാൻ സന്നദ്ധരായ ഇത്തരക്കാർ വലിയ വരുമാനസാധ്യതകൾ മുന്നിൽകാണുന്നു. 18നും 34നും ഇടയിലുള്ളവരാണ് പൊതുവെ ഈ ഗ്രൂപ്പിൽ വരുന്നത് . ഉദാഹരണമായി 30 വയസ്സുള്ള ഒരാൾ 20-30 വർഷത്തേക്കുള്ള ആവശ്യത്തിന് സേവ് ചെയ്യുമ്പോൾ, വിപണിയിലെ ചാഞ്ചാട്ടത്തെപ്പറ്റി അധികം ബേജാറാകേണ്ട കാര്യമില്ല.
അവരുടെ നിക്ഷേപത്തിന്റെ സിംഹഭാഗവും അതായത് 80 ശതമാനത്തിലധികം ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന ബ്ലൂ ചിപ്പ് കമ്പനികളുടെ ഓഹരികളിലും ഉയർന്ന ബീറ്റ(Beta) ഓഹരികളിലും മറ്റും നിക്ഷേപിക്കും. പൊതുവെ ചെറിയ വരുമാനം നൽകുന്ന ബാങ്ക് നിക്ഷേപങ്ങൾ ഇത്തരക്കാർ തെരഞ്ഞെടുക്കാറില്ല. ഏഴ് ശതമാനം പലിശ ബാങ്കുകൾ നൽകുമ്പോൾ നാട്ടിലെ പണപ്പെരുപ്പം നാലുശതമാനം ആണെങ്കിൽ യഥാർഥ വരുമാനം മൂന്നിൽ താഴെ ആണെന്നുള്ള വസ്തുതയാണ് ഇത്തരം നിക്ഷേപകർ മറ്റു ദീർഘകാല ഉയർന്ന വരുമാനം ലക്ഷ്യമിടുന്നത്. നിക്ഷേപത്തിന്റെ വളർച്ചയാണ് ഇവരുടെ ലക്ഷ്യം. റിസ്ക് എടുക്കാനുള്ള ഇവരുടെ താൽപര്യം വളരെ ഉയർന്നതാണ്.
55 വയസ്സ് കഴിഞ്ഞവരും വിരമിക്കൽ പ്രായത്തോടടുക്കുന്നവരെയും ഈ കൂട്ടത്തിൽപെടുത്താം. റിസ്ക് എടുക്കാനുള്ള താൽപര്യം ഇക്കൂട്ടർക്ക് തീരെ കുറവാണ്. അതുകൊണ്ടുതന്നെ നിക്ഷേപവും അതിന്റെ വരുമാനവും കൂടുതൽ സുരക്ഷിതം ആയിരിക്കണമെന്ന് ഇവർക്ക് നിർബന്ധമുണ്ട്. വിപണിയിലെ ചാഞ്ചാട്ടം ഇവർക്ക് വേണ്ട. നിക്ഷേപത്തിന്റെ സുരക്ഷിതത്തോടൊപ്പം തരക്കേടില്ലാത്ത സ്ഥിര വരുമാനവും ഇക്കൂട്ടർ ആഗ്രഹിക്കുന്നു. വിരമിക്കലിനുശേഷം വരുമാനത്തിൽ വരുന്ന കുറവ് മേൽപ്പറഞ്ഞ വരുമാനത്തിൽനിന്ന് കണ്ടെത്തുന്നു. ദിവസചെലവുകളും ഒപ്പം മെഡിക്കൽ ചെലവുകളും ഇവർക്ക് കൂടുതലായിരിക്കും.
ബാങ്ക് ഡെപ്പോസിറ്റുകൾ, ബോണ്ടുകൾ, ഗവണ്മെന്റ് കടപ്പത്രങ്ങൾ, ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ എന്നിങ്ങനെയുള്ള സ്ഥിരം വരുമാനമുള്ള നിക്ഷേപങ്ങൾ കുറഞ്ഞത് 80 ശതമാനത്തിൽ അധികവും ബാക്കി ഓഹരി അല്ലെങ്കിൽ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കാം. പൊതുവെ ഹ്രസ്വകാല നിക്ഷേപകരാണിവർ. നിക്ഷേപം പൂർണമായി സംരക്ഷിക്കപ്പെടുന്നതോടൊപ്പം അതിൽനിന്ന് കൃത്യമായ വരുമാനവും ആവശ്യമായ ഇക്കൂട്ടർ റിസ്ക് എടുക്കാൻ താൽപര്യം ഇല്ലാത്തവരാണ്.
ഒന്നാമത്തെയും രണ്ടാമത്തെയും ഇടയിലുള്ളതാണിത്. 35-54 പ്രായപരിധിയിലുള്ളവരും താരതമ്യേന റിസ്ക് എടുക്കാൻ കഴിവുള്ളവരുമാണ് പൊതുവെ ഈ ഗ്രൂപ്പിൽ വരുന്നത്. നിക്ഷേപത്തിന്റെ ദീർഘകാല നേട്ടവും അതുപോലെതന്നെ ഉയന്ന വരുമാനവും ഇവർ ലക്ഷ്യമിടുന്നു. അറുപതു ശതമാനത്തോളം തുക നല്ല വളർച്ച ലക്ഷ്യമിടുന്ന ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുമ്പോൾ 40 ശതമാനം ബോണ്ടുകളിലും സ്ഥിര വരുമാന പദ്ധതികളിലും മറ്റും നിക്ഷേപിക്കുന്നു. വിരമിക്കൽപ്രായം ആകുമ്പോഴേക്കും നല്ലൊരു തുക, അല്ലെങ്കിൽ ഒരു വീട്, കുട്ടികളുടെ വിവാഹം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ മുന്നിൽ കണ്ടാണ് ഇത്തരക്കാർ സമ്പാദിക്കുന്നത്. നിക്ഷേപം വളരുന്നതോടൊപ്പം ഒരു വരുമാനവും ഇവർ പ്രതീഷിക്കുന്നു. പൊതുവെ ദീർഘകാല നിക്ഷേപങ്ങളാണ് ഇക്കൂട്ടർക്കുവേണ്ടത്.
(തുടരും)
(ലേഖകൻ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.