മസ്കത്ത് നഗരത്തിലെ റോഡുകളിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഗതാഗതക്കുരുക്കും പാരിസ്ഥിതികാഘാതവും കുറക്കുന്നതിന് യാത്രക്കാർ കാർപൂളിങ് പരിഗണിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി. ഒന്നിലധികം ആളുകൾ ഒരേ വാഹനത്തിൽ ഒരുമിച്ച് യാത്ര ചെയ്യുന്ന രീതിയാണ് കാർപൂളിങ്. ഇത് ഇന്ധനച്ചെലവ്, യാത്രാസമയം, ഗതാഗതക്കുരുക്ക്, പരിസ്ഥിതി മലിനീകരണം എന്നിവ കുറക്കും.
കാർപൂളിങ് തെരഞ്ഞെടുക്കുന്ന ആളുകൾക്കിടയിൽ ഐക്യദാർഢ്യവും ആശയവിനിമയവും പ്രോത്സാഹിപ്പിക്കും. മസ്കകത്തിൽ കാർപൂളിങ്ങിന് അത്ര പ്രചാരമില്ല. എന്നാൽ, ഷെയേഡ് ടാക്സികൾ എന്ന ആശയം കുറച്ച് വർഷങ്ങൾക്ക് മുമ്പുതന്നെ പ്രവാസികളെ ആകർഷിച്ചിരുന്നു.
കുറഞ്ഞ ശമ്പളമുള്ള പ്രവാസികൾ ഓഫിസുകളിലേക്കും വീട്ടിലേക്കും ദിനേന യാത്ര ചെയ്യാൻ ഇത്തരം ഷെയർ ടാക്സികളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ, ആപ് അധിഷ്ഠിത ടാക്സികളും ബസ് ശൃംഖലയുടെ വികസനവും കാരണം ഷെയേഡ് ടാക്സിളോടുള്ള താൽപര്യം കുറഞ്ഞു.
ഷെയറിങ് വാഹനങ്ങൾ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി കാർബൺ ബഹിർഗമനം കുറക്കും. യാത്രാചെലവ് കുറക്കാനും സഹായകമാകുന്നതാണ് കാർപൂളിങ്. മാത്രമല്ല നഗരത്തിലെ പാർക്കിങ്ങ് പ്രശ്നങ്ങൾക്കും പരിഹാരമാണ്. അതേസമയം, സുൽത്താനേറ്റിൽ പൊതുഗതാഗതത്തിനും സ്വീകാര്യത ഏറുകയാണ്. 2024ൽ 12,000 പ്രതിദിന യാത്രക്കാർ എന്ന നിരക്കിൽ മുവാസലാത്ത് 4.7 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് വഹിച്ചത്.
ഫെറികൾ 671 പ്രതിദിന യാത്രക്കാർ എന്ന നിരക്കിൽ 244,862 യാത്രക്കാരെയും 60,000 വാഹനങ്ങളെയും കൊണ്ടുപോയി. ഇന്റർസിറ്റി ബസുകളിൽ ഒമാനി യാത്രക്കാർ 26.89 ശതമാനവും ഫെറികളിൽ 75 ശതമാനവും ആയിരുന്നു.
94.85 ശതമാനമാണ് മുവാസലാത്തിലെ ഒമാനൈസേഷൻ നിരക്ക്. 2015-2018 കാലയളവിലാണ് ഒമാനിൽ പൊതുഗതാഗതത്തിന്റെ ആദ്യഘട്ടം തുടങ്ങുന്നത്. അന്ന് പ്രധാന, ദ്വിതീയ റൂട്ടുകളിൽ ബസ് സർവിസുകൾ ആരംഭിക്കുകയും ടാക്സികൾ കാര്യക്ഷമമാക്കുകയും നടപ്പാതകൾ മെച്ചപ്പെടുത്തുകയും ചെയ്തു. 2019ൽ ആരംഭിച്ച് ഈ വർഷം അവസാനിക്കുന്നതാണ് രണ്ടാംഘട്ടം.
പുതിയ റൂട്ടുകൾ, സമർപ്പിത ബസ് ലൈനുകൾ, പുതിയ ബസ് സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്ന ബസ് സർവിസുകളുടെ വിപുലീകരണം ഉൾപ്പെടുന്നു. മൂന്നാംഘട്ടത്തിൽ (2026-2040) മസ്കത്ത് മെട്രോയുടെ വികസനത്തിലും വാട്ടർ ടാക്സികൾ ആരംഭിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.