‘തബ്സീൽ’ ഈത്തപ്പഴ വിളവെടുപ്പ് സീസണിൽനിന്നുള്ള കാഴ്ചകൾ
മസ്കത്ത്: ഒമാനിലെ കാർഷിക ഗ്രാമങ്ങളിൽ ആഘോഷമായി നടക്കുന്ന ‘തബ്സീൽ’ ഈത്തപ്പഴ വിളവെടുപ്പ് അവസാന ഘട്ടത്തിലേക്ക്. തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിൽ ഏതാണ്ട് സീസൺ അവസാനിച്ച മട്ടാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒമാനികൾ തങ്ങളുടെ ഭൂമിയുമായും പൈതൃകവുമായും ബന്ധിപ്പിക്കുന്ന തബ്സീൽ ഈത്തപ്പഴ വിളവെടുപ്പ് ആരവങ്ങളിലായിരുന്നു. പകുതി പഴുത്ത ഈത്തപ്പഴം വിളവെടുക്കാനും തിളപ്പിക്കാനും ഉണക്കാനും മറ്റുമായി നൂറുകണക്കിന് ആളുകളാണ് വിവിധ വിലായത്തുകളിലായി ഒത്തുചേർന്നത്.
‘തബ്സീൽ വിളവെടുപ്പ് മാത്രമല്ല, അതൊരു ആഘോഷമാണ്. അതിരാവിലെ മുതൽ സൂര്യാസ്തമയം വരെ മുഴുവൻ കുടുംബവും പങ്കെടുക്കുന്നു. ഇത് ഞങ്ങൾക്ക് പാരമ്പര്യമായി ലഭിച്ചതാണ്, കഠിനാധ്വാനം ഉണ്ടായിരുന്നിട്ടും ഇത് കൈമാറുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു’-ജഅലാൻ ബാനി ബു ഹസനിൽ നിന്നുള്ള കർഷകനായ സലിം അൽ ഗൈലാനി പറഞ്ഞു.
വാദി ബനി ഖാലിദ്, അൽ കാമിൽ വൽ വാഫി, ജഅലൻ ബനി ബു ഹസൻ എന്നിവയുൾപ്പെടെ വിവിധ വിലായത്തുകളിൽ സീസൺ സജീവമായിരുന്നു. മദ്ലോക്കി, ബൊനാരഞ്ച, അബു മത്രി, ഹിലാലി ഈത്തപ്പന ഇനങ്ങളിൽ നിന്നുള്ള തിളപ്പിച്ച ഈത്തപ്പഴത്തിന് വാദി ബനി ഖാലിദ് പേരുകേട്ടതാണ്.
അതേസമയം, ഒമാനിലെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന ഉയർന്ന നിലവാരമുള്ള മദ്ലോക്കി ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നതിൽ അൽ കാമിൽ വൽ വാഫിയിലെ സിഖ് ഗ്രാമം വേറിട്ടുനിൽക്കുന്നു. സീസണിൽ കുടുംബങ്ങൾ ഈന്തപ്പനകൾക്ക് ചുറ്റും ഒത്തുകൂടുകയും ഭക്ഷണം പങ്കിടുകയും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് സീസണിലെ മനോഹരകാഴ്ചകളിലൊന്നാണ്.
ഈന്തപ്പനയുടെ മുകളിൽനിന്ന് ഭാരമുള്ള ഈത്തപ്പഴക്കുലകൾ സുരക്ഷിതമായി താഴെ എത്തിക്കാൻ ‘മിറാദ്’എന്ന പേരിലുള്ള കയറാണ് ഉപയോഗിക്കുന്നത്. ആധുനികയുഗത്തിലും ഈ പാരമ്പര്യം മനോഹാരിതയോടെ നിലനിൽക്കുന്നെന്ന് ജഅലൻ ബാനി ബു ഹസനിൽനിന്നുള്ള യുവ കർഷകൻ മുഹമ്മദ് അൽ സവായ് പറഞ്ഞു.
മുൻകാലങ്ങളിൽ, ഉൾനാടൻ ഗ്രാമങ്ങളിൽനിന്ന് ഒട്ടകയാത്രാസംഘങ്ങളാണ് മബ്സാലി ഈത്തപ്പഴം സൂറിലേക്ക് കൊണ്ടുപോയിരുന്നത്. അവിടെനിന്ന് അവ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഇന്ന് വ്യാപാരം വളരെ വേഗത്തിലാണ്. പ്രാദേശിക വ്യാപാരികൾ കർഷകരിൽനിന്ന് നേരിട്ട് വാങ്ങുന്നു. പിന്നീട് ഒമാനിനകത്തും പുറത്തും വിതരണം ചെയ്യുന്നതിനായി പ്രത്യേക കമ്പനികൾക്ക് വീണ്ടും വിൽക്കുന്നു.
ഒമാനിഈത്തപ്പഴത്തിന്റെ തനതായ രുചിയും ഗുണനിലവാരവും കാരണം ആവശ്യക്കാരേറെയാണെന്ന് സൂർ വിലായത്തിൽ നിന്നുള്ള ഖാലിദ് അൽ ഫാർസി വിശദീകരിച്ചു. ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷികപരിപാടികളിൽ ഒന്നാണ് മബ്സാലി ഈത്തപ്പഴ വിളവെടുപ്പ് എന്ന് തെക്കൻ ശർഖിയ അഗ്രികൾചറൽ ആൻഡ് ഫിഷറീസ് വെൽത്ത് ഡിപ്പാർട്മെന്റ് സ്ഥിരീകരിച്ചു.
മന്ത്രാലയത്തിന്റെ സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജഅലൻ ബാനി ബു ഹസനിൽ മാത്രം 1,88,502 ഈത്തപ്പനകളുണ്ട്. അവയിൽനിന്ന് പ്രതിവർഷം 12,243 ടണ്ണോളം ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നു. കാർഷിക സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിൽ തബ്സീൽ നിർണായക പങ്കാണ് വഹിക്കുന്നത്. ഈന്തപ്പന പരിപാലനച്ചെലവ് നികത്താൻ ഇത് കർഷകരെ സഹായിക്കുന്നു. കൂടാതെ ഗ്രാമീണ കുടുംബങ്ങൾക്ക് വരുമാന സ്രോതസ്സുമാണ്.
ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ജൂൺ അവസാനം മുതൽ ജൂലൈ അവസാനം വരെയാണ് ‘തബ്സീൽ’ ഈത്തപ്പഴ വിളവെടുപ്പ് നടക്കാറുള്ളത്. ഈത്തപ്പഴത്തിന്റെ നിറം മഞ്ഞയാവുന്നത് മുതലാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. വെട്ടിയെടുക്കുന്ന ഈത്തപ്പഴക്കുലകൾ കയർ ഉപയോഗിച്ചാണ് നിലത്തിറക്കുന്നത്. ഒട്ടകപ്പുറത്തോ കഴുതപ്പുറത്തോ ആണ് കുലകൾ സംസ്കരണസ്ഥലത്തേക്ക് എത്തിക്കുന്നത്. നിരവധി കുട്ടികളും സ്ത്രീകളും ഇതിനെ അനുഗമിക്കും.
വേർതിരിച്ചെടുത്ത ഈത്തപ്പഴം വലിയ ചെമ്പ് പാത്രത്തിൽ ഇട്ടാണ് 15 മുതൽ 20 മിനിറ്റ് വരെ വേവിക്കുന്നത്. ഇതിനുശേഷം പ്രത്യേക സജ്ജമാക്കിയ മസ്തിന എന്നറിയപ്പെടുന്ന ഗ്രൗണ്ടിൽ ഉണങ്ങാനിടും. ഈ ഗ്രൗണ്ടിൽ അഞ്ച് മുതൽ പത്ത് ദിവസം നോരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇവ കിടക്കും. കാലാവസ്ഥയുടെ വ്യത്യാസമനുസരിച്ച് ഉണക്കൽ കാലവും നീളും. ഉണങ്ങിയ ഈത്തപ്പഴങ്ങൾ പ്രദേശിക മാർക്കറ്റിലും അന്തരാഷ്ട്ര മാർക്കറ്റിലും വിൽക്കും. ഇന്ത്യ, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് വിപണനം. യൂറോപ്യൻ രാജ്യങ്ങളിലും ഈത്തപ്പഴത്തിന് ആവശ്യക്കാർ വർധിക്കുന്നുണ്ട്. നെതർലൻഡ്സിൽ ചോക്ലറ്റ് ഉൽപാദനത്തിന് ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഈത്തപ്പഴം വേവിക്കുന്നതിന് അൽ മബ്സലി, മദ്ലൂകി, ബൊളാറംഗ എന്നീ രീതികളമുണ്ട്. അലങ്കാരവസ്ത്രങ്ങൾ അണിഞ്ഞ കുട്ടികൾ ഈത്തപ്പഴം കൊയ്തിടുന്ന സമയം മുതൽ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടാവും. കഴുതപ്പുറത്തും ഒട്ടകപ്പുറത്തുമായി സംസ്കരണകേന്ദ്രങ്ങളിത്തിക്കാനും ഇവർ കൂടും. മിക്ക കർഷകരും വിളവെടുത്ത ഉൽപന്നങ്ങൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പ്രതിനിധീകരിക്കുന്ന പ്രധാന സർക്കാർ ഏജൻസിക്കാണ് നൽകിവരുന്നത്. അതേസമയം ചിലർ വിദേശവിപണികളിലേക്കുള്ള കയറ്റുമതിയും ഇഷ്ടപ്പെടുന്നു. തബ്സീൽ സീസൺ ഒമാനികൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന കാലം കൂടിയാണ്.
സുഗമമായ ഈത്തപ്പഴവിപണം ലക്ഷ്യമിട്ട് കഴിഞ്ഞ ജൂണിൽ ബിദിയ വിലായത്തിൽ ‘അൽ തബ്സീൽ’ സിമ്പോസിയം സംഘടിപ്പിച്ചിരുന്നു. ഒമാനി ഉൽപന്നത്തിന് ഏകീകൃത മാർക്കറ്റിങ് ഐഡന്റിറ്റി സൃഷ്ടിക്കൽ, ആന്തരികവും ബാഹ്യവുമായ പ്രദർശനങ്ങളുടെ ഏകോപനം, ഇലക്ട്രോണിക് ഡിജിറ്റൽ പരിവർത്തനത്തിന് അനുസൃതമായി മാർക്കറ്റിങ് പ്ലാറ്റ്ഫോമുകളുടെയും ആപ്ലിക്കേഷനുകളുടെയും വികസനം, എളുപ്പത്തിലുള്ള ധനസഹായപരിപാടികളിലൂടെ കർഷകരെ പിന്തുണക്കൽ, ഈന്തപ്പനകൃഷി, അൽ തബ്സീൽ വ്യവസായം, ആധുനിക മാർക്കറ്റിങ് എന്നിവയിലെ മികച്ച രീതികളെക്കുറിച്ച് അവരെ പരിശീലിപ്പിക്കൽ എന്നിവയായിരുന്നു ഇതിൽ ചർച്ച ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.