മസ്കത്ത്: പാലക്കാട് സൗഹൃദക്കൂട്ടായ്മയുടെ ഓണാഘോഷം വെള്ളി, ശനി ദിവസങ്ങളിലായി റൂവി അൽ ഫലാജിൽ നടക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് റൂവി അൽഫലാജ് ഗ്രാൻഡ് ഹാളിൽ നടക്കുന്ന പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഓണത്തിന്റെയും 12ാം വാർഷികത്തിന്റെയും ആഘോഷചടങ്ങുകളിൽ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് മുഖ്യഥിതിയാകും. പാലക്കാട് ജില്ലയിൽ നിന്നുള്ള സിനിമാ താരംഅപർണ ദാസിനാണ് ഈ വർഷത്തെ സാംസ്‌കാരിക അവാർഡ് സമ്മാനിക്കുന്നത്. നടൻ ദീപക് പറമ്പോൽ പ്രത്യേക അതിഥിയായി പങ്കെടുക്കും. മൂന്ന് ദശാബ്ദക്കാലമായി പാലക്കാട് ജില്ലയിലെ ജീവകാരുണ്യ രംഗത്ത് പ്രവൃത്തിക്കുന്ന ദേവാശ്രയം ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയും പത്രപ്രവർത്തകയുമായ ബീന ഗോവിന്ദിന് സാമൂഹ്യക്ഷേമ പുരസ്കാരം നൽകി ആദരിക്കും. സിനിമാ താരവും ക്ലാസിക്കൽ നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ ഭരതനാട്യം ചടങ്ങിന് മാറ്റു കൂട്ടും. യുവഗായകരായ ശ്രീനാഥും അഞ്ജു ജോസഫും നയിക്കുന്ന ഗാനമേളയും ഉണ്ടാകും. മിഥുൻ രമേശ് ആണ് പരിപാടിയുടെ അവതാരകൻ. കൂടാതെ കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാപരിപാടികൾ ഏറെ പ്രാധാന്യമേറിയതാണെന്ന് പ്രസിഡന്റ് ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ട്രഷറർ ജഗദീഷ്, പ്രോഗ്രാം കോർഡിനേറ്റർ വൈശാഖ് എന്നിവർ പറഞ്ഞു.
വെള്ളിയാഴ്ച അൽഫാലാജ് ഹാളിൽ നടക്കുന്ന തിരുവോണ സദ്യയുടെ പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് അൽഫലാജ് ഗ്രാൻഡ് ഹാളിൽ നടക്കുന്ന ഓണാഘോഷത്തിന് എല്ലാവർക്കും പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.