പോയകാലത്തിന്റെ നല്ലോർമകൾ പുതുക്കി പൂവിളിയും പൂക്കളവുമായി പ്രവാസ ലോകവും പൊന്നോണത്തെ വരവേൽക്കുകയാണ്. ഗൾഫ് മാധ്യമം വായനക്കാർക്ക് ഹൃദ്യമായ തിരുവോണാശംസകൾ
മസ്കത്ത്: സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും നാട്ടോർമകൾ പങ്കുവെച്ച് ഒമാനിലെ മലയാളി പ്രവാസികളും വെള്ളിയാഴ്ച തിരുവോണത്തെ വവേൽക്കും. ആഘോഷങ്ങൾക്കുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. വാരാന്ത്യ അവധി ദിനമായതിനാൽ ഇത്തവണ പൊന്നോണത്തിന് പൊലിമയേറും. വ്യാഴ്ച്ച ആളുകൾ തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലായിരുന്നു. ഷോപ്പിങ്ങ് മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സദ്യക്കുള്ള സാധനങ്ങളൊരുക്കാനും വസ്ത്രമെടുക്കാനും പൂക്കള്‍ വാങ്ങുന്നതിനുമുള്ള ഓട്ടത്തിലായിരുന്നു പലരും. സദ്യക്കായി സാമ്പാറടക്കമുള്ള ഇനങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകളും പ്രത്യേക നിരക്കിൽ പലയിടത്തും ഒരുക്കിയിരുന്നു.ഇത് സാധാരണക്കാരായ ആളുകൾക്ക് ആശ്വാസം പകരുന്നതാണെന്ന് പലരും പറഞ്ഞു. പൂക്കളത്തിനുള്ള പൂക്കൾ അത്തം പിറക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്തന്നെ നാട്ടിൽനിന്നെത്തിയിരുന്നു. വാടാമല്ലി, പലതരം ജമന്തിപ്പൂക്കള്‍, കനകാംബരം, മുല്ലപ്പൂ, തുളസി, താമര തുടങ്ങിയ പൂക്കൾക്കെല്ലാം ആവശ്യക്കാരേറെയാണ്. ഓണം പ്രമാണിച്ച് മാമ്പഴം, പൈനാപ്പിള്‍ തുടങ്ങിയവ ലോഡുകണക്കിന് എത്തിയിട്ടുണ്ട്. വസ്ത്രവ്യാപാാര സ്ഥാപനങ്ങളിലും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. പരമ്പരാഗത വസ്ത്രങ്ങൾ തേടിയായിരുന്നു പലരും ഷോപ്പിങ്ങ് മാളുകളിലും മറ്റും കയറിയിറങ്ങിയിരുന്നത്. കോമ്പോ ഡിസൈനിനും ആവശ്യക്കാർ ഏറെയായിരുന്നു. ഓണമുണ്ടുകൾ, കസവ് സാരികൾ തുടങ്ങിയ ഇനങ്ങൾ പല സ്ഥാപനങ്ങളിലും ഓഫറിൽ ലഭ്യമാക്കിയിരുന്നു.പ്രധാന ഹോട്ടലുകളെല്ലാം ഓണസദ്യയും ഒരുക്കുന്നുണ്ട്. 20 മുതൽ മുകളിലോട്ട് ഇനം വിഭവങ്ങളാണ് സദ്യക്കുണ്ടാവുക. ഹോട്ടലുകളുടെ നിലവാരവും സദ്യയിലെ വിഭവങ്ങളുടെ എണ്ണവും അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാവും. ഹോട്ടലകൾക്ക് പുറമെ പ്രധാന ഹൈപർമാർക്കറ്റുകളും ഓണസദ്യ വിളമ്പുന്നുണ്ട്. മൂന്ന് റിയാൽ മുതൽ നാല് റിയാൽ വരെയാണ് ഓണസദ്യകളുടെ ശരശരി വില.
ഒമാനിലെ പ്രവാസി മലയാളികളുടെ പ്രധാന ആഘോഷമാണ് ഓണം. ഒമാനിലെ ചെറുതും വലുതുമായ എല്ലാ കൂട്ടായ്മകളും ആഘോഷിക്കുന്ന പ്രധാന ആഘോഷവും ഓണം മാത്രമാണ്. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് അടക്കമുള്ള വലിയ പ്രവാസ സംഘടനകളുടെ പ്രധാന ആഘോഷവും ഓണം തന്നെ. ഇത്തരം ആഘോഷങ്ങളിൽ നാട്ടിൽ നിന്നുള്ള കലാകാരന്മാരും സാംസ്കാരിക പ്രമുഖരും പങ്കെടുക്കാറുണ്ട്. വരും ദിവസങ്ങളിൽ നാട്ടിൽനിന്നുള്ള നിരവധി കലാകാരന്മാർ മസ്കത്തലെ മണ്ണിലെത്തും. ഇത്തരം സംഘടനകൾക്ക് പുറമെ വിവിധ ജില്ലാ അസോസിയേഷനുകളും വിവിധ സ്ഥാപനങ്ങളിലും ഓണം ആഘോഷിക്കാറുണ്ട്.
സാധാരണ വാരാന്ത്യങ്ങളിലാണ് ഓണാഘോഷം നടക്കുന്നത്. എന്നാൽ വാരാന്ത്യങ്ങളിലും ഹാളുകൾ ലഭിക്കുന്നതും മറ്റും അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉള്ളതിനാൽ ആഘോഷങ്ങൾ നീണ്ട് പോവാറുണ്ട്. രണ്ട് മൂന്ന് മാസം വരെ ഓണാഘോഷം നീണ്ട് പോവാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.