ദോഹ: ഫലസ്തീൻ രാജ്യത്തെ അംഗീകരിച്ചുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തർ. ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങൾക്ക് ഈ നീക്കം വലിയ പിന്തുണയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ നിർണായക തീരുമാനവുമായെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്വതന്ത്ര ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീൻ ജനതക്ക് സ്വയം നിർണയാവകാശം വിനിയോഗിക്കാനും 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്നതിനെ അംഗീകരിക്കുന്ന തീരുമാനമാണിത്. അന്താരാഷ്ട്ര നിയമസാധുതക്കും യു.എൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങൾക്കും അനുസൃതമായുള്ള ഒരു മികച്ച ഇടപെടലാണ് ഈ പ്രഖ്യാപനം.
മേഖലയിൽ ശാശ്വതമായ സമാധാനം കൈവരിക്കുന്നതിന് ഈ തീരുമാനം സഹായിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫലസ്തീനെ ഇതുവരെ അംഗീകരിക്കാത്ത ശേഷിക്കുന്ന രാജ്യങ്ങളോടും സമാധാനത്തിനും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും പിന്തുണ നൽകുന്നതിനായി സമാനമായ അനുകൂല നടപടികളും ഗൗരവമായ നിലപാടുകളും സ്വീകരിക്കാൻ ഖത്തർ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
അതേസമയം, ഫലസ്തീനിലെ വെസ്റ്റ് ബാങ്കിന്മേൽ പരമാധികാരം അടിച്ചേൽപിക്കാനുള്ള ഇസ്രായേൽ തീരുമാനത്തിനെതിരെ ഖത്തർ അടക്കമുള്ള അറബ്, മുസ്ലിം രാജ്യങ്ങൾ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്മേൽ ‘ഇസ്രായേൽ പരമാധികാരം’ അടിച്ചേൽപിക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂട പ്രഖ്യാപനത്തിന് സെനറ്റ് അംഗീകാരം നൽകിയതിനെ ശക്തമായി അപലപിച്ചാണ് ഖത്തർ അടക്കമുള്ള രാഷ്ട്രങ്ങളും അറബ് ലീഗ്, ഒ.ഐ.സി അന്താരാഷ്ട്ര സംഘടനകളും രംഗത്തുവന്നത്.
യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിൻ സൈഫ് ആൽ ഥാനിയും കഴിഞ്ഞദിവസം ഇസ്രായേലിനെതിരെ രംഗത്തുവന്നു. പട്ടിണി യുദ്ധായുധമാക്കുന്ന ഇസ്രായേൽ നിലപാടിനെതിരെ പ്രതികരിച്ച അവർ അന്താരാഷ്ട്ര സംഘടനകൾക്ക് ഗസ്സ മുനമ്പിൽ മാനുഷിക സഹായങ്ങൾ സുരക്ഷിതമായി വിതരണം ചെയ്യാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഗസ്സയിലെ സാഹചര്യം വിവരണാതീതമാണ്. പട്ടിണി, അടിസ്ഥാന സൗകര്യങ്ങളുടെയും ആരോഗ്യ സംവിധാനത്തിന്റെയും തകർച്ച, രോഗവ്യാപനം തുടങ്ങി ദുരിതപൂർണമാണ് അവസ്ഥ. ആശുപത്രികൾ, സ്കൂളുകൾ, റെസിഡൻഷ്യൽ പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയന്മാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ അപലപിച്ച അവർ ഫലസ്തീനികളെ നിർബന്ധിച്ച് കുടിയിറക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.