അരങ്ങേറ്റത്തിന് തയാറെടുക്കുന്ന വനിതകളുടെ സംഘം പരിശീലനത്തിനിടയിൽ അധ്യാപിക സൗമ്യ വിനോദിനൊപ്പം
ദമ്മാം: നൃത്തം ചെയ്യാനുള്ള അടങ്ങാത്ത മോഹങ്ങളെ പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്ന ഒരു കൂട്ടം സ്ത്രീകൾ ഇപ്പോൾ അവരുടെ സ്വപ്ന പൂർത്തീകരണത്തിന്റെ നെറുകയിലാണ്. പൊട്ടിപ്പോയ മോഹങ്ങളെ പ്രവാസ വഴികളിൽ വീണ്ടും പെറുക്കിയെടുത്ത് അവർ നടനമാടുന്നു. വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരും വീട്ടമ്മമാരായി കഴിയുന്നവരുമായ 16 പ്രവാസി വനിതകളാണ് രണ്ടര വർഷം നീണ്ട ചിട്ടയായ നൃത്താഭ്യാസത്തിനുശേഷം ഔദ്യോഗികമായി അരങ്ങേറ്റത്തിന് തയാറെടുക്കുന്നത്.
നൃത്താധ്യാപിക സൗമ്യ വിനോദിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്ന 60 പേരിൽനിന്ന് ഇവർ അരങ്ങേറ്റ യോഗ്യത നേടിയത്. ഈ മാസം അവസാനം ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ സ്വപ്ന സാഫല്യത്തിനായി ചിലങ്കയണിയും. സ്കുൾ കോളജ് പഠനകാലങ്ങളിൽ നൃത്തം ആവേശമായി കൊണ്ടുനടന്നവരാണ് ഇവരിൽ പലരും. ജോലിയും വിവാഹവും മറ്റ് ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടിവന്നപ്പോൾ നൃത്തമോഹം പാതിവഴിയിൽ കൈവിടേണ്ടിവന്നു. പ്രവാസത്തിൽ സാഹചര്യങ്ങൾ അനുകൂലമായപ്പോഴാണ് അവർ വീണ്ടും സ്വപ്നങ്ങളെ പൊടിതട്ടിയെടുത്തത്.
എഴുത്തുകാരികളും വക്കീലന്മാരും അധ്യാപകരും ഓഫീസ് ജോലിചെയ്യുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. മക്കൾ മുതിർന്ന ക്ലാസുകളിൽ എത്തിക്കഴിഞ്ഞാണ് തങ്ങൾക്കുവേണ്ടിയുള്ള ജീവിതത്തെ വീണ്ടും തേടിത്തുടങ്ങിയത്. നൃത്ത വിദ്യാലയത്തിൽ കുട്ടികളെ ചേർക്കാൻ വന്ന ചില മാതാക്കൾ കൗതുകത്തോടെ നൃത്താഭ്യാസം കണ്ടുനിൽക്കുമ്പോൾ നൃത്തം ചെയ്തുടേ എന്ന ചോദ്യമാണ് അവരെ വീണ്ടും പ്രചോദിപ്പിച്ചതെന്ന് അധ്യാപിക സൗമ്യ വിനോദ് പറഞ്ഞു.
കേട്ടറിഞ്ഞു കൂടുതൽ പേർ നൃത്തം പഠിക്കാൻ എത്തുകയായിരുന്നു. ഇപ്പോൾ 60 വീട്ടമ്മമാർ നൃത്തം അഭ്യസിക്കുന്നു. സ്ത്രീധന കൊലപാതകങ്ങൾ വർധിച്ചപ്പോൾ അതിനെതിരെ സൗമ്യയുടെ ശിക്ഷണത്തിൽ ‘കനൽപൊട്ട്’ എന്ന നൃത്തരൂപം അവതരിപ്പിച്ച് സമൂഹമനസാക്ഷി ഉണർത്താൻ ഇവർക്കിതിനിടെ കഴിഞ്ഞു. മാതൃസ്നേഹവും പെൺമാനവും തുടങ്ങി നിരവധി വിഷയങ്ങളിൽ വിവിധ നൃത്ത പരിപാടികളുമായി ഇവർ പല വേദികളിലുമെത്തി. രണ്ട് പതിറ്റാണ്ടിലധികമായി ആയിരക്കണക്കിന് കുട്ടികൾക്ക് നൃത്താഭ്യാസം നൽകിയ ദേവിക കലാക്ഷേത്ര അധ്യാപിക സൗമ്യ വിനോദാണ് ഈ വനിതകളുടെ സ്വപ്നങ്ങൾക്ക് വീണ്ടും വള്ളവും വളവും നൽകിയത്.
ഭർത്താവും മകളുമാണ് തെൻറ നൃത്തപഠനത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതെന്ന് എഴുത്തുകാരിയും കലാകാരിയുമായ ഷഹന ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇക്കൂട്ടത്തിലുള്ള ഭവാനി തമിഴ്നാട് സ്വദേശിയാണ്. മലയാളി കൂട്ടായ്മയുടെ ഭംഗികണ്ട് തന്റെ സ്വപ്നങ്ങളെ കൂടെക്കൂട്ടി എത്തിയതാണ് ഭവാനി. മീനു മോഹൻദാസ്, പ്രീജ, ശരണ്യ, സ്മിത നരസിംഹൻ, ജസ്റ്റി, ഷാരു സുഫിൽ, പ്രതിഭ, ചിന്നു, സിന്ധ്യ, നീതു, രഞ്ജിത, മിത്രബിൻറ, സിനി എന്നിവരാണ് മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.