‘ദറഇയ അരീന’ വികസന
പദ്ധതിയുടെ നിർമാണ
കരാർ ദറഇയ ഹോൾഡിങ്
കമ്പനിയും ചൈനീസ്
ഹാർബർ എൻജിനീയറിങ്
കോർപ്പറേഷനും ഒപ്പിട്ടപ്പോൾ
റിയാദ്: സൗദി അറേബ്യയുടെ പ്രഥമ തലസ്ഥാനമായ പൈതൃക നഗരത്തിലെ ‘ദറഇയ അരീന’ പദ്ധതി നിർമാണത്തിനായി 575 കോടി റിയാലിന്റെ കരാർ. ചൈനീസ് ഹാർബർ എൻജിനീയറിങ് കോർപറേഷനുമായാണ് ദറഇയ ഹോൾഡിങ് കമ്പനി നിർമ്മാണ കരാർ ഒപ്പുവെച്ചത്.
ദറഇയ അരീന കെട്ടിടം, മൂന്ന് വിവിധോദ്ദ്യേശ ഓഫിസ് കെട്ടിടങ്ങൾ, ഒരു പാർക്കിങ് സ്ഥലം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ദറഇയ അരീന പദ്ധതിയുടെ ആകെ വിസ്തീർണം 74,000 ചതുരശ്ര മീറ്ററാണ്.
‘ദറഇയ അരീന’
പദ്ധതി മാതൃക
വിവിധ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്ന വിധത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന, 20,000 കാണികളെ ഉൾക്കൊള്ളുന്ന സാംസ്കാരിക നഗരിയാണ് ഒരുങ്ങുന്നത്. സംഗീത കച്ചേരികൾ, കായിക പരിപാടികൾ, ഇ-സ്പോർട്സ് മത്സരങ്ങൾ, വിവിധ പ്രദർശനങ്ങൾ എന്നിവ ഇവിടെ ഒരുക്കും.
ആഗോള വാസ്തുവിദ്യാ സ്ഥാപനമായ എച്ച്.കെ.എസ് ഇൻകോർപ്പറേറ്റഡ് നടപ്പാക്കിയ ദറഇയ അരീനയുടെ രൂപകൽപന ദറഇയെ ചുറ്റിപ്പറ്റിയുള്ള പ്രകൃതിദത്ത ഭൂമിശാസ്ത്ര രൂപങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്.
അതോടൊപ്പം പരമ്പരാഗത നജ്ദി വാസ്തുവിദ്യാ ഘടകങ്ങൾ സംരക്ഷിച്ചുകൊണ്ട് ആധികാരിക പൈതൃകവും ഭാവി നവീകരണവും സമന്വയിപ്പിച്ചാണ് അരീന നിർമിക്കുന്നത്. ജീവിത നിലവാരം ഉയർത്തുന്നതിനായി പദ്ധതി താമസക്കാർക്കും സന്ദർശകർക്കും സംയോജിത ഇടങ്ങൾ ഒരുക്കി നൽകും. സമൂഹ ഇടപെടലിനെ പിന്തുണക്കുകയും ക്ഷേമ നിലവാരം ഉയർത്തുകയും ചെയ്യും.
ഏകദേശം 114,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതുമായ മൂന്ന് ബഹു-ഉപയോഗ ഓഫിസ് കെട്ടിടങ്ങളുടെ വികസനവും ദറഇയ അരീനയുടെയും അനുബന്ധ ഓഫിസ് സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ പിന്തുണക്കുന്നതിനായി 4000 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലങ്ങൾ നിർമിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു.
‘ദറഇയ അരീന’
പദ്ധതി മാതൃക
രാജ്യത്തെ കലയുടെയും സംസ്കാരത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിന് സംഭാവന നൽകുന്ന ഒരു വ്യതിരിക്ത സാംസ്കാരിക നാഴികക്കല്ലായിരിക്കും ദറഇയ അരീനയെന്ന് ദറഇയ ഗേറ്റ് ഡെവലപ്മെന്റ് കമ്പനി ഗ്രൂപ് സി.ഇ.ഒ ജെറി ഇൻസെറില്ലോ പറഞ്ഞു.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ലോകമെമ്പാടുമുള്ള പ്രധാന ആഗോള പരിപാടികൾക്കും സന്ദർശകർക്കും വൈവിധ്യമാർന്ന കായിക, കലാ, വിനോദ പ്രവർത്തനങ്ങൾ ആസ്വദിക്കുന്നതിനുള്ള ഒരു കേന്ദ്രമായി ഇത് പ്രവർത്തിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
ഈ കരാർ കമ്പനിയുടെ സൗദി ശാഖക്ക് ഒരു സുപ്രധാന നേട്ടമാണെന്ന് മിഡിലീസ്റ്റിലെ ചൈനീസ് ഹാർബർ എൻജിനീയറിങ് കോർപറേഷൻ സി.ഇ.ഒ യാങ് സിയുവാൻ പറഞ്ഞു.
‘സൗദി വിഷൻ 2030’നെ പിന്തുണച്ച് ഈ ആഗോള പദ്ധതിയുടെ വിജയകരവും സമയബന്ധിതവുമായ നടപ്പാക്കൽ ഉറപ്പാക്കുന്നതിന് കമ്പനിയുടെ വിപുലമായ ആഗോള വൈദഗ്ധ്യവും തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത കമ്പനി സി.ഇ.ഒ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.