അൽഖോബാർ: രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുന്ന അർബുദമായ ആക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ല്യൂകീമിയയുടെ ചികിത്സക്കായി സൗദി അറേബ്യയിൽ വികസിപ്പിച്ചെടുത്ത ജീൻ തെറപ്പിയുടെ ക്ലിനിക്കൽ പരീക്ഷണത്തിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) അംഗീകാരം നൽകി. കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ (കെ.എഫ്.എസ്.എച്ച്.ആർ.സി) വർഷങ്ങളായി നടത്തിയ പരിശ്രമങ്ങളുടെ ഫലമായിയാണ് രാജ്യത്ത് ആദ്യമായി ജീൻ തെറപ്പി സംബന്ധിച്ച ക്ലിനിക്കൽ പഠനത്തിന്റെ ആദ്യഘട്ടത്തിന് രജിസ്ട്രേഷൻ ലഭിച്ചത്.
ചൈമെറിക് ആന്റിജൻ റിസപ്റ്റർ ടി-സെല്ലുകൾ ഉപയോഗിച്ചാണ് സൗദിയിൽ തന്നെ ഈ ചികിത്സ വികസിപ്പിച്ചത്. എസ്.എഫ്.ഡി.എ പുറത്തിറക്കിയ പ്രസ്താവന പ്രകാരം ആക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ല്യൂകീമിയ രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുകയും അതിവേഗത്തിൽ വളരുകയും ചെയ്യുന്ന കാൻസറാണ്. ഇത് അസ്ഥിമജ്ജയിൽ വലിയ തോതിൽ അസംസ്കൃത ലിംഫോബ്ലാസ്റ്റുകൾ ഉൽപാദിപ്പിക്കാൻ കാരണമാകുന്നു. ഇതോടെ സാധാരണ കോശങ്ങൾ അടിച്ചമർത്തപ്പെടുകയും, ശരീരത്തിന്റെ അണുബാധകളോട് പോരാടാനുള്ള ശേഷി, ഓക്സിജൻ ഗതാഗതം, രക്തസ്രാവ നിയന്ത്രണം എന്നിവ കുറയുകയും ചെയ്യുന്നു.
ഈ പരീക്ഷണാത്മക ചികിത്സ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും ഗവേഷകരും ലെന്റിജൻ കമ്പനിയുമായി സഹകരിച്ച് വികസിപ്പിച്ചെടുക്കുന്നതാണ്. ഹോസ്പിറ്റലിന്റെ തന്നെ ആഭ്യന്തര യൂനിറ്റിലാണ് ഇത് ക്ലോസ്ഡ് ട്രാൻസ്ഡക്ഷൻ സിസ്റ്റം ഉപയോഗിച്ച് നിർമ്മിക്കുന്നത്. മരുന്ന് ഡ്രിപ്പ് വഴി രോഗികൾക്ക് നൽകുന്നു. 18 മുതൽ 60 വരെ വയസ്സുള്ള രോഗികളിൽ ഉൽപന്നത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യം.
ക്ലിനിക്കൽ പഠനങ്ങൾക്ക് പിന്തുണ നൽകുന്നതിനും, ഏറ്റവും പുതിയ ശാസ്ത്രീയ നവീകരണങ്ങളെ ആകർഷിക്കുന്നതിനുമാണ് അംഗീകാരം നൽകിയതെന്ന് എസ്.എഫ്.ഡി.എ വ്യക്തമാക്കി. പ്രത്യേകിച്ച് സങ്കീർണരോഗങ്ങൾക്ക് രോഗികൾക്ക് വേഗത്തിൽ നവീന ചികിത്സ ലഭ്യമാക്കാൻ സഹായിക്കുന്ന സുതാര്യവും കാര്യക്ഷമവുമായി നിയന്ത്രണാന്തരീക്ഷം ഒരുക്കുക എന്നതിന്റെ ഭാഗമാണിത്.സൗദി വിഷൻ 2030ന്റെ ഹെൽത്ത് സെക്ടർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാം ലക്ഷ്യങ്ങളോടും പൊരുത്തപ്പെടുന്നതാണ് ഈ നീക്കം. ഗവേഷണം, വികസനം, ആരോഗ്യ നവീകരണം എന്നീ മേഖലകളിൽ രാജ്യം ഒരു മുൻനിര കേന്ദ്രമായി മാറാൻ രാജ്യം ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.