റിയാദിൽ കേളി ടി.എസ്.ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ രത്നഗിരി റോയൽസ് ടീം ട്രോഫിയുമായി
റിയാദ്: കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സംഘടിപ്പിച്ച രണ്ടാമത് ടി.എസ്.ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ രത്നഗിരി റോയൽസ് ചാമ്പ്യന്മാരായി. ഒരു മാസം നീണ്ടുനിന്ന മത്സരത്തിൽ 14 ടീമുകളാണ് മാറ്റുരച്ചത്. ഫൈനൽ മത്സരത്തിൽ ട്രാവൻകൂർ സി.സിയെ ഏഴ് റൺസിന് തോൽപിച്ചാണ് രത്നഗിരി റോയൽസ് കിരീടം നേടിയത്. അവസാന പന്തുവരെ അത്യന്തം ആവേശകരമായ മത്സരത്തിൽ ഓരോ നിമിഷത്തിലും ജയപരാജയങ്ങൾ മാറി മറിഞ്ഞു. ആദ്യം ബാറ്റു ചെയ്ത രത്നഗിരി റോയൽസ് പത്ത് ഓവറിൽ ഉയർത്തിയ 98 റൺസിന് മറുപടിയായി ട്രാവൻകൂർ സി.സിക്ക് 10 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. ടെക്സാ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരം, കാണികളുടെ പങ്കാളിത്തം കൊണ്ടും ടീം പിന്തുണ കൊണ്ടും ശ്രദ്ധേയമായി.നേരത്തേ നടന്ന വാശിയേറിയ സെമിഫൈനൽ മത്സരങ്ങളിൽ ട്രാവൻകൂർ സി.സി റോക്സ്റ്റാർസിനേയും , രത്നഗിരി ഉസ്താദ് ഇലവനെയും തോൽപിച്ചുകൊണ്ടാണ് ഫൈനലിലേക്കുള്ള യോഗ്യത നേടിയത്.
സമാപന ചടങ്ങ് കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഫൈസൽ അധ്യക്ഷതവഹിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗവും സുലൈ രക്ഷാധികാരി ആക്ടിങ് സെക്രട്ടറിയുമായ കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയ പ്രസിഡന്റ് ജോർജ്, എം.കെ ഫുഡ്സ് ഉടമ റഹ്മാൻ മുനമ്പത്ത്, ഉസ്താദ് ഹോട്ടൽ എം.ഡി അഷറഫ്, സുലൈ ഏരിയ ജോയന്റ് സെക്രട്ടറി ഗോപിനാഥ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ് ടെക്നിക്കൽ കമ്മിറ്റി കൺവീനർ റീജേഷ് രയരോത്ത് മത്സരവിജയികളെ പ്രഖ്യാപിച്ചു.
ചാമ്പ്യൻമാർക്കുള്ള ട്രോഫി ഗീവർഗീസ് ഇടിച്ചാണ്ടിയും, ക്യാഷ് പ്രൈസ് കാഹിം ചേളാരിയും മെഡലുകൾ വിവിധ യൂനിറ്റ് ഏരിയ ഭാരവാഹികളും നൽകി. റണ്ണേഴ്സപ്പിനുള്ള ട്രോഫി സ്പോർട്സ് ചെയർമാൻ ജവാദ് പരിയാട്ട്, ക്യാഷ് പ്രൈസ് എം.കെ ഫുഡ്സ് എം.ഡി റഹ്മാൻ മുനമ്പത്ത് എന്നിവരും നൽകി. ടൂർണമെന്റിലെ മികച്ച കളിക്കാരനും മികച്ച ബാറ്റ്സ്മാനുമായി ജുനേദ് (രത്നഗിരി റോയൽസ്) , മികച്ച ബൗളറായി തൗഫീഖ് (രത്നഗിരി റോയൽസ്) എന്നിവർക്കുള്ള ട്രോഫികൾ ഹാരിസ് തവാരി, അഷ്റഫ്, ജോർജ് എന്നിവർ നൽകി. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട അൽഫറോസ് വാദ്ക്കറിന് ഇസ്മായിലും, സെമി ഫൈനൽ മത്സരങ്ങളിലെ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ട ജുനേദ് (രത്നഗിരി ), ടി.സി സിയ (ട്രാവൻകൂർ സി.സി) എന്നിവർക്കുള്ള അവാർഡുകൾ ഗോപിനാഥ്, കൃഷ്ണൻകുട്ടി എന്നിവരും നൽകി. ഷെബിൻ ജോർജ്, സുൽത്താൻ നിസാർ, മുഹമ്മദ് ഖൈസ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അർഫാത് മഞ്ചേശ്വറിന്റെ തത്സമയ കമന്ററി കാണികളിലും കളിക്കാരിലും ആവേശമുയർത്തി.
കേളി സുലൈ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഹാഷിം കുന്നുത്തറ സ്വാഗതവും സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്തൈൻ നന്ദിയും പറഞ്ഞു. കേളി സുലൈ ഏരിയ ഭാരവാഹികളായ ഗോപിനാഥ്, പ്രകാശൻ, അയ്യൂബ്ഖാൻ, കൃഷ്ണൻ കുട്ടി, വിനോദ് കുമാർ, ഷമീർ പറമ്പടി, ഇസ്മായിൽ, നവാസ്, ഷമീർ ഖാൻ, സത്യപ്രമോദ്, സുബൈർ ഹാരിസ്, ജോസ്, അശോകൻ ശ്രീജിത്ത്, അബ്ദുൽ സലാം, സംസീർ, നാസർ, രാഗേഷ് മലാസ്, ഫക്രുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.