ചാണ്ടി ഉമ്മൻ എം.എൽ.എക്ക് ബത്ഹയിലെ സഫ മക്ക ക്ലിനിക്കിൽ സ്വീകരണം നൽകിയപ്പോൾ
റിയാദ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് യുവ നേതാവും എം.എൽ.എയുമായ ചാണ്ടി ഉമ്മന് ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്കൽ സ്വീകരണം നൽകി. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികാചരണ പരിപാടിയിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച പുലർച്ചെ റിയാദിലെത്തിയ ചാണ്ടി ഉമ്മൻ ഉച്ചക്കുശേഷമാണ് ബത്ഹ കേരളമാർക്കറ്റിലുള്ള സഫ മക്ക പോളിക്ലിനിക്ക് സന്ദർശിച്ചത്. സഫ മക്ക പോളിക്ലിനിക്കിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ടെന്നും പ്രവാസി സമൂഹത്തിന് വലിയ പിന്തുണയാണ് ഈ ആതുരാലയം നൽകുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വലിയ തുക ആശുപത്രി ചാർജ്ജായി എടുക്കുന്നതിന് പകരം വെറും 10 റിയാലിന് സാധാരണക്കാരായ ആളുകൾക്ക് ആതുരശുശ്രൂഷാസൗകര്യം ഒരുക്കുന്നു എന്നത് വലിയ കാര്യമാണ്.
നമ്മുടെ രാജ്യവും സംസ്കാരവും വീടും നാടും വിട്ട് അന്യരാജ്യത്ത് വന്ന് പ്രവാസിയാകുന്നത് ആരും താൽപര്യപ്പെട്ടിട്ടല്ല. ജീവിത ചുറ്റുപാടുകൾ കൊണ്ട് അങ്ങനെ വരേണ്ടിവരുന്നതാണ്. അങ്ങനെയുള്ള പ്രവാസികൾക്കും സമൂഹത്തിനും ഈ ആതുരാലയം നൽകുന്ന പിന്തുണയെക്കുറിച്ച് അറിഞ്ഞപ്പോൾ വലിയ സന്തോഷമുണ്ടായെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഡോ. തോമസ് ബൊക്കെ നൽകി സ്വീകരിച്ചു. ഡോ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ലബ്ബ, ഡോ. തമ്പാൻ, ഡോ. അനിൽകുമാർ, മഹലിൽ അൽ അസീരി, മുഹമ്മദ് നഹദി അൽറബീഅ്, ഷബീർ കാസർകോട്, കുഞ്ഞി ഉപ്പള, ശിഹാബ് പങ്ങ്, ഇല്യാസ് മാറുകര, ജാബിർ അരീക്കുഴിയൻ, ഇബ്രാഹിം മഞ്ചേശ്വരം, അബ്ദുനാസിർ കാപ്പ്, സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, രഘുനാഥ് പറശ്ശിനിക്കടവ്, വിനേഷ് ചാത്തല്ലൂർ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ഒ.ഐ.സി.സി പ്രസിഡന്റ് സലീം കളക്കര ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.