റിയാദ്: രാജ്യത്ത് വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ നേരിട്ട് സ്വത്ത് സമ്പാദിക്കാൻ അനുവാദം നൽകുന്ന സംവിധാനത്തിന്റെ പൊതു സവിശേഷതകൾ സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വെളിപ്പെടുത്തി. ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ ആറ് വിഭാഗങ്ങളിൽപ്പെടുന്ന വിദേശികൾക്കാണ് അനുവാദം നൽകുന്നത്. സൗദി റിയൽ എസ്റ്റേറ്റ് വിപണിയുടെ നിയന്ത്രണ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം വികസിപ്പിക്കുന്നതിനും മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് എണ്ണയിതര മേഖലകളിൽനിന്നുള്ള വിഹിതം വർധിപ്പിക്കുന്നതിനുമുള്ള ‘വിഷൻ 2030’ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമാണ് പുതിയ നിയമം.
വിദേശികളായ വ്യക്തികൾ, വിദേശ കമ്പനികൾ (രാജ്യത്ത് പ്രവർത്തിക്കുന്നതല്ലാത്തവ ഉൾപ്പടെ), ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര പ്രാതിനിധ്യ സ്ഥാപനങ്ങളും ഏജൻസികളും (സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ), വിദേശികളുടെ സംയുക്ത ഉടമസ്ഥതയിലെ മൂലധനമുള്ള സൗദി കമ്പനികൾ, വിദേശികൾ സംയുക്തമായി മൂലധനം സ്വന്തമാക്കിയിരിക്കുന്ന കമ്പനികൾ, ഫണ്ടുകൾ അല്ലെങ്കിൽ പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങൾ എന്നീ വിഭാഗക്കാർക്കാണ് സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇടപഴകാനും ഉടമസ്ഥതക്കും അർഹതയുണ്ടായിരിക്കുക.
റിയാദ്, ജിദ്ദ നഗരങ്ങളിൽ നിർദ്ദിഷ്ട ഭാഗങ്ങളിൽ സ്വത്ത് സ്വന്തമാക്കാനാവും. മക്ക, മദീന എന്നിവിടങ്ങളിൽ മതപരം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായാണ് അനുവാദം ലഭിക്കുക. മക്കയിലും മദീനയിലും മുസ്ലിംകൾക്ക് മാത്രമേ ഭൂമിയും വസ്തുവും വാങ്ങാനാവൂ. ഇങ്ങനെ വിദേശികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഭൂമിശാസ്ത്രപരമായ നിബന്ധനകൾ ഉൾപ്പടെ വിവരിക്കുന്ന രേഖ ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൗദി സർക്കാറിന്റെ ഔദ്യോഗിക ദിനപത്രം ‘ഉമ്മുൽ ഖുറ’ റിപ്പോർട്ട് ചെയ്തു.
റിയാദ്, ജിദ്ദ, മക്ക, മദീന, മറ്റ് നഗരങ്ങൾ, പട്ടണങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിലെ നിർദ്ദിഷ്ട പ്രദേശങ്ങൾ, സ്വന്തമാക്കാൻ പറ്റുന്ന സ്വത്തിെൻറ അനുവദനീയമായ ശതമാനം, ഉടമസ്ഥാവകാശങ്ങളുടെ തരങ്ങൾ, ഗ്രേസ് പിരീഡുകൾ, മറ്റ് വ്യവസ്ഥകൾ എന്നിവ വിശദമാക്കുന്നതും നിർദിഷ്ട സ്ഥലങ്ങളുടെ ഭൂപടങ്ങൾ ഉൾപ്പെടുന്നതുമായിരിക്കും ഈ രേഖ.അതോറിറ്റിയുടെ റിയൽ എസ്റ്റേറ്റ് രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വസ്തുക്കൾ മാത്രമേ വാങ്ങാനാവൂ. നികുതിയും ഫീസും ഉൾപ്പെടെ 10 ശതമാനം തുക വാങ്ങൂന്നയാൾ നൽകണം. മേൽപറഞ്ഞ റിയൽ എസ്റ്റേറ്റ് നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാൽ ഒരു കോടി റിയാലാണ് പിഴ.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണെങ്കിൽ പൊതു ലേലത്തിൽ വസ്തു വിൽക്കുന്നതിനും പിഴ ചുമത്തും. 13 സർക്കാർ ഏജൻസികൾ ഉൾപ്പെടുന്ന സമിതി ഈ സംവിധാനത്തിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കും. ഈ സമിതിയിൽ റിയൽ എസ്റ്റേറ്റ് അതോറിറ്റി, നീതിന്യായ, നിക്ഷേപ, ആഭ്യന്തര, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയങ്ങൾ, ഭവന നിർമാണ അതോറിറ്റി, സെൻട്രൽ ബാങ്ക്, പ്രത്യേക സാമ്പത്തിക മേഖല-നഗര വികസന ഏജൻസികൾ എന്നിവ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.