റിയാദ്: രാജ്യത്തെ തൊഴിലാളികൾക്കായി പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുമ്പോൾ പാലിക്കേണ്ട ആരോഗ്യ, സാങ്കേതിക, സുരക്ഷ മാനദണ്ഡങ്ങൾ സൗദി മുനിസിപ്പൽ ഭവനകാര്യ മന്ത്രാലയം തയാറാക്കി. ആരോഗ്യ, വാണിജ്യ, മാനവ വിഭവശേഷി-സാമൂഹിക വികസന, വ്യവസായ-ധാതുവിഭവശേഷി മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചാണ് നിയമാവലി തയാറാക്കി പുറത്തിറക്കിയത്.വിദേശികളടക്കമുള്ള തൊഴിലാളികൾക്കുള്ള കൂട്ടായ പാർപ്പിട കേന്ദ്രങ്ങൾ വാണിജ്യ/പാർപ്പിട ഉപയോഗത്തിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ നിശ്ചിത ഭാഗങ്ങളിലും നഗരത്തിനുള്ളിൽ അംഗീകൃത സ്ഥലങ്ങളിലും ആയിരിക്കണമെന്നാണ് ഒരു നിബന്ധന. അപകടകരമായ പ്രദേശങ്ങളിൽനിന്ന് സുരക്ഷിതമായ അകലത്തിലായിരിക്കണം. ബാച്ചിലർ തൊഴിലാളികൾക്കുള്ള താമസ കെട്ടിടങ്ങൾക്ക് നിയന്ത്രണമുള്ള ഭാഗങ്ങളിൽ നിർമാണം പാടില്ല.
കെട്ടിടത്തിന്റെ പ്രവേശന കവാടം റോഡിനോട് അഭിമുഖമായിട്ടായിരിക്കണം. പ്രധാന റോഡ് അല്ലെങ്കിൽ കുറഞ്ഞത് 20 മീറ്ററിൽ കുറയാത്ത വീതിയുള്ള തെരുവിനോട് (ഗല്ലി) ചേർന്നായിരിക്കണം. അയൽപക്കങ്ങളിലുള്ളവരുടെ സ്വകാര്യത മാനിക്കാൻ കഴിയുംവധിം അയൽ കെട്ടിടങ്ങൾക്ക് സുരക്ഷിതമായ മറയുണ്ടായിരിക്കണം. താമസകെട്ടിടത്തിലേക്കുള്ള വഴി പ്രധാന റോഡ് ശൃംഖലയുമായും പൊതുഗതാഗതവുമായും ബന്ധിപ്പിച്ചിരിക്കണം. സ്കൂൾ, ആശുപത്രി എന്നീ സ്ഥാപനങ്ങളിൽനിന്ന് കുറഞ്ഞത് 300 മീറ്റർ അകലെ ആയിരിക്കുകയും വേണം.
കിടപ്പുമുറിയിൽ ഒരാൾക്ക് കുറഞ്ഞത് നാല് ചതുരശ്ര മീറ്റർ സ്ഥലമെങ്കിലും ലഭ്യമാക്കണം. ഒരു കിടപ്പുമുറിയിൽ പരമാവധി 10 പേർക്ക് വരെ താമസിക്കാൻ അനുവാദമുണ്ടാകും. പക്ഷേ അതിൽ ഒരാൾക്ക് കുറഞ്ഞത് നാല് ചതുരശ്ര മീറ്റർ സ്ഥലം ലഭ്യമാക്കിയിരിക്കണം. ഓരോ എട്ട് പേർക്കും ഒരു ടോയ്ലറ്റ്, ഒരു ഹാൻഡ് ബേസിൻ, ഒരു ഷവർ എന്നിവ ലഭ്യമാക്കിയിരിക്കണം.കെട്ടിടത്തിലെ ഓരോ നിലയിലും കുറഞ്ഞത് രണ്ട് അടുക്കളയെങ്കിലും ഉണ്ടായിരിക്കണം. എല്ലാ വ്യക്തികൾക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലായിരിക്കണം. വിശ്രമത്തിനും ഭക്ഷണത്തിനുമായി സജ്ജീകരിച്ചിരിക്കുന്ന ഒന്നോ അതിലധികമോ സാധാരണ മുറികൾ ഉണ്ടായിരിക്കണം.
അലക്കു മുറി, വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിനേജ് സൗകര്യം, കിടപ്പുമുറികളിൽ അന്തരീക്ഷം തണുപ്പിക്കാനും ചൂടാക്കാനുമുള്ള എയർ കണ്ടീഷനിങ്, ആരോഗ്യകരവും സുരക്ഷിതവും മതിയായതുമായ ഉറവിടത്തിൽനിന്ന് കുടിവെള്ളം നൽകൽ, വൃത്തിയാക്കൽ, പരിപാലനം, കീടനിയന്ത്രണ സേവനങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കണം. റസിഡൻഷ്യൽ കോംപ്ലക്സുകളാണെങ്കിൽ അതിലെ വിവിധ ജോലികൾ നിർവഹിക്കാൻ മുഴുസമയ ജീവനക്കാരും സൂപ്പർവൈസറുമുണ്ടാകണം.താമസസ്ഥലത്തിന്റെ ഉത്തരവാദിത്തമുള്ളയാൾക്ക് എല്ലാ കെട്ടിടങ്ങളിലേക്കും പ്രവേശനം സാധ്യമാകണം.5,000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന താമസസ്ഥലങ്ങൾക്ക് മെഡിക്കൽ, തൊഴിൽ ആരോഗ്യ സുരക്ഷാ സേവനങ്ങൾ നൽകുന്ന ഒരു മെഡിക്കൽ ക്ലിനിക്കിന് പുറമേ ഒരു ഡോക്ടറുടെയും നഴ്സിെൻറയും സേവനവുമുണ്ടാകണമെന്നും നിബന്ധനകളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.