500 കിലോയിലേറെ ഭാരമുള്ള മത്തങ്ങകൾ, അത്ഭുത കാഴ്​ച ബുറൈദ പഴമേളയിൽ

റിയാദ്​: മത്തങ്ങാ വലിപ്പം എന്ന്​ കേട്ടിട്ടുണ്ട്​. ആ വലിപ്പത്തിന്​ 500 കിലോ ഭാരമായാലോ? അത്ഭുതകരമായ മത്തങ്ങാവിശേഷം ബുറൈദയിലെ പഴം, പച്ചക്കറി പ്രദർശന മേളയിലാണ്​. അൽ ഖസീം ഗവർണറേറ്റും ഖസിം ചേംബർ ഓഫ്​ കോമേഴ്​സും ചേർന്ന് സംഘടിപ്പിച്ച വിവിധ പഴവർഗങ്ങളുടെയും പച്ചക്കറിയിനങ്ങളുടെയും പ്രദർശനമേളയിലാണ്​ അത്യപൂർവ വലിപ്പമുള്ള മത്തങ്ങകൾ ഇടം പിടിച്ചത്​.

മേളയിൽ അണിനിരന്നിട്ടുള്ള എല്ലായിനം ഫലവർഗങ്ങളും പ്രാദേശികമായി ഉൽ​പാദിപ്പിച്ചതാണ്​. കർഷകരും കാർഷിക പ്രേമികളും അടങ്ങുന്ന വലിയ ജനക്കൂട്ടം​ ഉദ്​ഘാടന ദിവസം മുതൽ മേളയിൽ നിറയുന്നുണ്ട്​. അതിനിടയിലാണ് 500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഭീമൻ മത്തങ്ങകൾ മുഴുവനാളുകളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്​.   


ഇവയുൾപ്പെടെ 150-ലധികം ഇനം മത്തങ്ങകളുടെ ശ്രദ്ധേയ പ്രദർശനമാണ് മേളയിലെ മുഖ്യ ആകർഷണം. ശനിയാഴ്​ച ആരംഭിച്ച മേള മൂന്ന് ദിവസം നീണ്ടുനിൽക്കും. ദിവസവും വൈകുന്നേരം നാല്​ മുതൽ രാത്രി 11 വരെയാണ്​ മേളയിലേക്ക്​ പൊതുജനങ്ങൾക്ക്​ പ്രവേശനം. ഖസീം മേഖലയ്​ക്ക്​ പേരുകേട്ട വൈവിധ്യമാർന്ന സീസണൽ കാർഷികോൽ‌പന്നങ്ങളാണ്​ മേളയിൽ എത്തിയിട്ടുള്ളത്​. 


കൂടാതെ തണ്ണിമത്തൻ, കാന്താരി, സ്ട്രോബെറി, മുന്തിരി, മാതളനാരങ്ങ, പീച്ച്, അത്തിപ്പഴം എന്നിവയുടെ വൈവിധ്യമാർന്ന ശേഖരം സന്ദർശകർക്ക് മുന്നിൽ നിരന്നിരിക്കുന്നുണ്ട്​. പുതിയ ഉൽ‌പ്പന്നങ്ങളുടെ പ്രദർശനത്തിന്​ പുറമെ മേളയിൽ സന്ദർശകർക്ക്​ പ​ങ്കെടുക്കാനാവുന്ന ആകർഷകമായ നിരവധി ആക്​റ്റിവിറ്റികളുമുണ്ട്​. മത്തങ്ങ കൊണ്ടുള്ള തത്സമയ കുക്കിങ്​ ഷോ ഉൾപ്പടെ ആസ്വദിക്കാനും രുചി വിവിധ ഉൽപ്പന്നങ്ങൾ പരീക്ഷിക്കാനും കാർഷിക പരിജ്ഞാനം നേടാനും ഭക്ഷ്യ സംസ്കാരം സമ്പന്നമാക്കാനും സഹായിക്കുന്ന നിരവധി പരിപാടികൾ മേളയിലുണ്ട്​.

Tags:    
News Summary - Pumpkins weighing more than 500 kg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.