അഡിഹെക്സ് വേദിയിലെ സന്ദർശക തിരക്ക്
അബൂദബി: ഇമാറാത്തി സംസ്കാരത്തിന്റെ ഭൂതകാലം തെളിമയോടെ വായിച്ചെടുക്കാനുള്ള അസുലഭാവസരമാവുകയാണ് 22ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷൻ (അഡിഹെക്സ്). മുതിർന്നവർക്കൊപ്പം കുട്ടികളും ധാരാളം പ്രദർശനം കാണാനും പൂർവകാല രീതികൾ പരിചയപ്പെടാനുമായി മേളയിൽ എത്തിച്ചേരുന്നുണ്ട്. സ്വദേശികളായ വിവിധ എമിറേറ്റുകളിൽനിന്നുള്ള രക്ഷിതാക്കളിൽ പലരും മക്കളുമായാണ് മേളക്കെത്തുന്നത്.
ഇമാറാത്തി സംസ്കാരവുമായി ഇഴകിച്ചേർന്ന വിവിധ രീതികൾ പരിചയപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ ഏഴ് വരെ നീളുന്ന മേളയിൽ ഫാല്കണ്റി, വേട്ട, കുതിരസവാരി, മത്സ്യബന്ധനം, കായിക പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ ഇമാറാത്തി പൈതൃകവും സംസ്കാരവുമാണ് പ്രധാനമായും പ്രദർശിപ്പിക്കുന്നത്.
‘മെന’ മേഖലയിലെ ഏറ്റവും ബ്രഹത്തായ പ്രദര്‍ശനമാണ് അല്‍ ദഫ്റ റീജ്യനിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാല്‍കണേഴ്സ് ക്ലബ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷാകര്തൃത്വത്തിന് കീഴില്‍ അഡ്നക് സെന്ററില്‍ ആരംഭിച്ചത്.
ഇതുവരെ നടന്ന എക്സിബിഷനുകളില്‍ വെച്ചേറ്റവും വലുതാണ് ഇത്തവണത്തേത്. 92,000 ചതുരശ്ര മീറ്ററിലാണ് ഇത്തവണത്തെ അഡിഹെക്സ് വേദി. മുന്‍ തവണത്തേതിനെക്കാള്‍ ഏഴു ശതമാനമാണ് വിസ്തൃതി ഇത്തവണ വര്‍ധിപ്പിച്ചിരിക്കുന്നത്.
പുതിയ 11 രാജ്യങ്ങളടക്കം 68 രാജ്യങ്ങളാണ് ഇത്തവണ അഡിഹെക്സില്‍ പങ്കെടുക്കുന്നത്. ഒട്ടകം, അറേബ്യന്‍ സലൂകി, കത്തികള്‍, സൂഖ് എന്നിങ്ങനെ നാലു പുതിയ മേഖലകള്‍ ഇത്തവണ പ്രദര്‍ശനത്തില്‍ തയാറാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. ഫാല്‍കണുകളുടെ ലേലവും ഒട്ടക ഓട്ടവും കുതിര ഷോകളും അടക്കമുള്ള വ്യത്യസ്തമായ ഒട്ടേറെ പരിപാടികള്‍ ഇത്തവണയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.