ദുബൈ: എല്ലാ മുതിർന്ന താമസക്കാർക്കും മൊബൈൽ സ്വന്തമായുള്ള ലോകത്തെ മൂന്ന് രാജ്യങ്ങളിൽ യു.എ.ഇയും. പുതിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.നോർവേ, ലിബിയ എന്നിവയാണ് യു.എ.ഇക്കൊപ്പം 100 ശതമാനം പേർക്കും മൊബൈൽ സ്വന്തമായുള്ള മറ്റു രാജ്യങ്ങൾ. ഗൾഫ് മേഖലയിൽ സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ 98 ശതമാനം പേർക്കും മൈാബൈലുണ്ട്.അതേസമയം, കുവൈത്തിൽ 95 ശതമാനം പേർക്കാണ് ഇതുള്ളത്. ലോക ബാങ്കിന്റെ ഗ്ലോബൽ ഫിൻഡെക്സ് 2025 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തെ പ്രധാന വികസിത രാജ്യങ്ങളിലെല്ലാം മൊബൈൽ സാന്നിധ്യം വളരെ കൂടുതലാണ്. സ്വീഡൻ, ഐസ്ലൻഡ്, ഫിൻലൻഡ്, ലിത്വേനിയ, ഇറ്റലി, ഡെൻമാർക്ക്, എസ്തോണിയ എന്നിവിടങ്ങളിൽ 99 ശതമാനം മുതിർന്നവർക്കും മൊബൈൽ സ്വന്തമായുണ്ട്. അതേസമയം യു.എസ്, സൈപ്രസ്, അൽജീരിയ, ഹോങ്കോങ്, ലാത്വിയ, മംഗോളിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ 98 ശതമാനമാണുള്ളത്. മറ്റു വികസിത രാജ്യങ്ങളിൽ മൊബൈൽ ഉടമസ്ഥത 90 ശതമാനത്തിന് മുകളിൽതന്നെയാണ്.
വികസ്വര രാജ്യങ്ങളിൽ എണ്ണം കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ 66 ശതമാനം പേർക്കാണ് മൊബൈലുള്ളത്.പാകിസ്താനിൽ 63 ശതമാനം, ഫിലിപ്പീൻസിൽ 78 ശതമാനം, ഈജിപ്തിൽ 85 ശതമാനം എന്നിങ്ങനെയാണ് കണക്ക്. ലോകത്താകമാനം ആകെ 86 ശതമാനം മുതിർന്നവർക്ക് മൈാബൈലുണ്ടെന്നും, മൊബൈലും ഇന്റർനെറ്റും എല്ലായിടത്തും ദൈനംദിന ജീവിതത്തിലെ അവശ്യ വസ്തുവായി മാറിക്കഴിഞ്ഞുവെന്നും ലോക ബാങ്ക് വിലയിരുത്തുന്നു. ഇന്റർനെറ്റ് ഉപയോഗവും ഗൾഫ് മേഖലയിൽ ഉടനീളം വളരെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2025ലെ ഗ്ലോബൽ ഡിജിറ്റൽ ഷോപ്പിങ് സൂചികയനുസരിച്ച് മൊബൈൽ വഴിയുള്ള ഓൺലൈൻ ഷോപ്പിങ്ങിൽ യു.എ.ഇ ലോകത്ത് മുന്നിലാണുള്ളത്. യു.എ.ഇയിൽ 37 ശതമാനം പർചേസുകളും മൊബൈൽ ഉപകരണങ്ങൾ വഴിയാണ് നടക്കുന്നത്.ഇത് സിംഗപ്പൂരിൽ 34.8 ശതമാനവും യു.കെയിൽ 27.6 ശതമാനവും ബ്രസീലിൽ 24.4 ശതമാനവുമാണ്. അതോടൊപ്പം യു.എ.ഇയിൽ ഡെലിവറി ആപ്പുകളുടെ സാന്നിധ്യവും വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.