ദുബൈ: ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് പ്രവർത്തിക്കുന്ന ബാങ്കുകളും തകാഫുൽ സ്ഥാപനങ്ങളും ഇടപാടുകളിൽ പലിശ ഈടാക്കരുതെന്ന് ദുബൈയിലെ പരമോന്നത കോടതി.വൈകിയ പേമെന്റുകൾക്ക് നഷ്ടപരിഹാരം എന്നനിലയിൽ ഫീസ് ഈടാക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് നിയമപരമായ അനുമതിയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയാണ് കോടതിയുടെ വിധിന്യായം. ഇമാറാത്തുൽ യൗ ം ആണ് ഇക്കാര്യം റിപോർട്ട് ചെയ്തത്. നേരത്തേ ഇതുസംബന്ധിച്ച് കോടതി നടത്തിയ വിധിന്യായത്തിലെ വൈരുധ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരമോന്നത കോടതിയുടെ തലവൻ നൽകിയ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
പേമെന്റ് വൈകിയാലും നഷ്ടപരിഹാരം എന്നപേരിലോ മറ്റേതെങ്കിലും പേരിലോ പലിശ ഈടാക്കാൻ പാടില്ലെന്ന് വിധിന്യായത്തിൽ പറയുന്നു. ഇടപാടുകാർ മനപ്പൂർവം തിരിച്ചടവ് മുടക്കിയാലും ഇത് ബാധകമാണ്. നിയമം ഏകീകൃതമായി വ്യാഖ്യാനിക്കുന്നതിനായി വിഷയം പരമോന്നത കോടതിയുടെ ജനറൽ അസംബ്ലിയിലേക്ക് കൈമാറിയിരുന്നു.വാണിജ്യ ഇടപാടുകളിൽ വൈകിയുള്ള പേമെന്റുകൾക്ക് ചില ഇസ്ലാമിക് ബാങ്കുകൾ നഷ്ടപരിഹാരം എന്നപേരിൽ ഫീസ് ഈടാക്കുന്നതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുൻവിധികൾ ഉണ്ടെങ്കിലും പൊതുവിഷയം എന്ന നിലയിലാണ് കോടതി സ്വതന്ത്രമായി വിഷയത്തിൽ ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.