യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന് വോളിബാള്‍ കളിക്കാനിറങ്ങിയപ്പോൾ
അബൂദബി: യു.എ.ഇ രാജകുടുംബാംഗങ്ങള്‍ പൗരന്മാരോടും താമസക്കാരോടും നേരിട്ട് ഇടപഴകുന്ന കാഴ്ചകള്‍ ഒട്ടും വിരളമല്ല. അക്കൂട്ടത്തിലെ ഏറ്റവും പുതിയ കാഴ്ചയാണ് യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന് സാധാരണക്കാര്‍ക്കൊപ്പം വോളിബാള്‍ കളിക്കാനിറങ്ങിയത്.
കഴിഞ്ഞ ദിവസമായിരുന്നു ശൈഖ് മന്‍സൂര്‍ കളിക്കളത്തിലിറങ്ങിയത്. അബൂദബി സമ്മര്‍ സ്പോര്‍ട്സ് പരിപാടിയുടെ സംഘാടകരെ കണ്ട് സംസാരിച്ച അദ്ദേഹം ഇവിടത്തെ പ്രധാന സൗകര്യങ്ങളൊക്കെ ചുറ്റിക്കാണുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ വാം ആണ് യു.എ.ഇ വൈസ് പ്രസിഡന്റിന്റെ വോളിബാള്‍ കളിയുടെ വിഡിയോ പുറത്തുവിട്ടത്.
അഡ്നെക് ഗ്രൂപ്പും അബൂദബി സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്നാണ് അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ അബൂദബി സമ്മര്‍ സ്പോര്‍ട്സ് സംഘടിപ്പിക്കുന്നത്. ഈ ഗണത്തില്‍ മേഖലയിലെ ഏറ്റവും വലിയ പരിപാടിയാണിത്. 37000 ചതുരശ്ര മീറ്ററില്‍ ഒരുക്കിയിരിക്കുന്ന പരിപാടിയില്‍ 52 ശീതീകരിച്ച ലോകോത്തര കളിയിടങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആഗസ്റ്റ് 21 വരെ നീളുന്ന അബൂദബി സമ്മര്‍ സ്പോര്‍ട്സില്‍ രാവിലെ ആറു മുതല്‍ പുലര്‍ച്ച ഒന്നുവരെ വിവിധ കളികള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.