അബൂദബി: അബൂദബിയിലെ സർവിസ് അവസാനിപ്പിക്കാന്‍ വിസ് എയര്‍ തീരുമാനമെടുത്തതോടെ ഈ റൂട്ടുകളിൽ കൂടുതല്‍ സര്‍വിസുകള്‍ തുടങ്ങാനുള്ള തീരുമാനവുമായി ഇത്തിഹാദ് എയര്‍വേസും എയര്‍ അറേബ്യ അബൂദബിയും.രണ്ട് എയര്‍ബസ് എ 320 കൂടി സര്വിസിനിറക്കിയിരിക്കുകയാണ് എയര്‍ അറേബ്യ അബൂദബി. ഈ വര്‍ഷം അവസാനത്തോടെ രണ്ട് എയര്‍ബസ് എ 320 കൂടി വാങ്ങുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. നിലവില്‍ 12 വിമാനങ്ങളാണ് എയര്‍ അറേബ്യ അബൂദബിക്കുള്ളത്. ഗള്‍ഫ്, യൂറോപ്, കൗകാസസ്, സെന്‍ട്രല്‍ ഏഷ്യ റീജനുകളിലേക്കായി ഏഴ് പുതിയ സര്‍വിസുകളാണ് ഇത്തിഹാദ് എയര്‍വേസ് പ്രഖ്യാപിച്ചിട്ടുള്ളത്.കസാഖ്സ്താനിലെ അല്‍മാട്ടി, അസര്‍ബൈജാനിലെ ബാകു, റുമേനിയയിലെ ബുചാറസ്റ്റ്, സൗദി അറേബ്യയിലെ മദീന, ജോര്‍ജിയയിലെ തിബിലിസി, ഉസ്ബഖ്സ്താനിലെ താഷ്കന്റ്, അർമീനിയയിലെ യെരാവണ് എന്നിവിടങ്ങളിലേക്കാണ് ഇത്തിഹാദ് സര്‍വിസ് നടത്തുക.
അബൂദബിയിലേക്ക് നേരിട്ട് കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് എയര്‍ലൈന്‍ അറിയിച്ചു.യെരവന്‍, അല്‍മാട്ടി, സിയാക്കോട്ട് എന്നിങ്ങനെ പുതിയ കേന്ദ്രങ്ങളിലേക്കാണ് എയര്‍അറേബ്യ അബൂദബി സര്‍വിസ് ആരംഭിക്കുക. പശ്ചിമേഷ്യ, ആഫ്രിക്ക, മധ്യേഷ്യ, ഇന്ത്യ ഉപഭൂഖണ്ഡം, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലായുള്ള 30 കേന്ദ്രങ്ങളിലേക്ക് നോണ്‍സ്റ്റോപ് സര്‍വിസുകളാണ് എയര്‍ അറേബ്യ അബൂദബിക്കുള്ളത്.
സെപ്റ്റംബര്‍ മുതലാണ് വിസ് എയര്‍ അബൂദബിയില്‍നിന്ന് പിന്‍വാങ്ങുന്നത്. യൂറോപ്പിലെ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പിന്‍വാങ്ങല്‍ പ്രഖ്യാപനത്തില്‍ വിസ് എയര്‍ വ്യക്തമാക്കിയിരുന്നു.അബൂദബിയില്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനാവാതെ വന്നതോടെയാണ് കമ്പനി മേഖലയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് മാസത്തിനു ശേഷമുള്ള ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് റീഫണ്ട് ചെയ്യാനും മറ്റു യാത്രാ സൗകര്യമേര്പ്പെടുത്താനുമുള്ള നടപടികളും വിസ് എയര്‍ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.