യു.എ.ഇയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ ജപ്പാൻ വിദേശകാര്യ, ആശയ വിനിമയ വകുപ്പ് സഹ മന്ത്രി മസാഷി അടാഷിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: ചെങ്കടലിൽ കേബിൾ മുറിഞ്ഞത് ഇന്ത്യയിലെ ഇന്റർനെറ്റ് സേവനങ്ങളെ സാരമായി ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ദുബൈയിൽ യൂനിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോൺഗ്രസിൽ വിവിധ രാജ്യങ്ങളുമായി പോസ്റ്റൽ ടെലികോം സഹകരണത്തിന് കരാർ ഒപ്പിടുമെന്ന് മന്ത്രി പറഞ്ഞു.
ദുബൈയിൽ സെപ്റ്റംബർ എട്ടു മുതൽ 19 വരെയാണ് യൂനിവേഴ്സൽ പോസ്റ്റൽ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കോൺഗ്രസിൽ ശക്തമായ സാന്നിധ്യമാണ് ഇന്ത്യ.
കേന്ദ്രമന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ കോൺഗ്രസിൽ മുഖ്യപ്രഭാഷണം നടത്തും. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കാൻ യു.പി.ഐ സംവിധാനത്തെ യൂനിയൻ പോസ്റ്റൽ യൂനിയന്റെ ഐ.പിയുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് കോൺഗ്രസിൽ തുടക്കമാകും. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇത് ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. 192 രാജ്യങ്ങളാണ് യൂനിവേഴ്സൽ പോസ്റ്റൽ യൂനിയനിലുള്ളത്. നിരവധി രാജ്യങ്ങളുമായി കോൺഗ്രസിൽ ഇന്ത്യ ദീർഘകാല കരാർ ഒപ്പിടുമെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
കോൺഗ്രസിന് മുന്നോടിയായി ജപ്പാൻ വിദേശകാര്യ, ആശയ വിനിമയ വകുപ്പ് സഹമന്ത്രി മസാഷി അടാഷിയുമായി ജ്യോതിരാദിത്യ സിന്ധ്യ കൂടിക്കാഴ്ചയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.