കേരളത്തിനുവേണ്ടി വിയർപ്പൊഴുക്കുന്ന പ്രവാസി മലയാളികൾക്കും കുടുംബങ്ങൾക്കും ഏറെ ആശ്വാസം നൽകുന്നതാണ് കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പെൻഷൻ പദ്ധതി. 60 വയസ്സ് പൂർത്തിയായ അംഗത്തിനും അഞ്ചു വർഷത്തിൽ കുറയാതെ തുടർച്ചയായി അംശാദായം അടച്ചതുമായ എല്ലാ പ്രവാസി അംഗത്തിനും പ്രതിമാസ പെൻഷൻ ലഭിക്കും. എട്ടു ലക്ഷത്തിലധികം പ്രവാസികളാണ് പ്രവാസി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 75481 പേരാണ് പെൻഷന് അർഹതയുള്ളവർ.
പെന്ഷന് അര്‍ഹതയുള്ള അംഗം മരിച്ചാൽ നോമിനിക്ക് കുടുംബ പെൻഷൻ ലഭിക്കും. അഞ്ചുവർഷത്തിൽ കുറയാതെ അംശാദായം അടച്ചതും മരണം വരെ അംഗമായിരുന്നവരുടെ നോമിനിക്ക് കുടുംബ പെൻഷന് അർഹതയുണ്ട്. കുടുംബ പെന്ഷന് തുക ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട പ്രതിമാസ പ്രായാധിക്യ പെന്ഷന് തുകയുടെ അമ്പതു ശതമാനം ആയിരിക്കും
അറുപത് വയസ്സ് പൂര്‍ത്തിയായതും അഞ്ചുവര്‍ഷത്തില്‍ കുറയാതെ തുടർച്ചയായി അംശാദായം അടച്ചതുമായ എല്ലാ പ്രവാസി അംഗങ്ങൾക്കും 3500 രൂപ വീതവും മുന്‍ പ്രവാസിയായ അംഗത്തിന് പ്രതിമാസം 3000 രൂപയുമാണ് കേരള പ്രവാസി ക്ഷേമ ബോർഡ് മിനിമം പെന്ഷൻ അനുവദിക്കുന്നത്. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുളള അംഗങ്ങള്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയ ഓരോ അംഗത്വ വര്‍ഷത്തിനും നിശ്ചയിച്ചിട്ടുളള മിനിമം പെന്ഷന് തുകയുടെ മൂന്നു ശതമാനത്തിന് തുല്യമായ തുക കൂടി അധിക പെന്‍ഷനായി നല്‍കും. എന്നാൽ, മൊത്തം പെൻഷൻ തുക മിനിമം പെൻഷൻ തുകയുടെ ഇരട്ടിയിൽ കൂടില്ല.
ഏതെങ്കിലും തൊഴില്‍ ചെയ്യുന്നതിന് സ്ഥായിയായ ശാരീരിക അവശത മൂലം കഷ്ടത അനുഭവിക്കുന്നതും ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശാദായമടച്ചിട്ടുള്ളതുമായ അംഗത്തിന് പെന്ഷന് തുകയുടെ നാല്പതു ശതമാനത്തിനു തുല്യമായ തുക പ്രതിമാസ അവശത പെന്ഷന് ലഭിക്കും.
കേരള പ്രവാസി ക്ഷേമ ബോർഡിന്റെ https://register.pravasikerala.org എന്ന വെബ്സൈറ്റ് വഴി പ്രവാസികൾക്ക് അംഗത്വമെടുക്കാം. 18 മുതൽ 60 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ അർഹത. വെബ്സൈറ്റ് ലിങ്കിൽ കയറി ആവശ്യമായ രേഖകൾ സമർപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം.
200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. നിലവിൽ പ്രവാസിയായ അംഗം പെൻഷനായി പ്രതിമാസ 350 രൂപയും മുൻ പ്രവാസിയായ അംഗം 200 രൂപയും പ്രീമിയമായി അടക്കണം. രജിസ്ട്രേഷനായി സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. ലോകത്തിന്റെ ഏത് കോണിൽ നിന്നും ബോർഡിൽ അംഗത്വമെടുക്കാനും അംശാദായം അടക്കാനും ഓൺലൈനായി സൗകര്യമുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് തപാൽ വഴിയും അപേക്ഷ സമർപ്പിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളിലും അതത് ബാങ്കിന്റെ ചെലാന്‍ / പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് രജിസ്ട്രേഷന് ഫീസ് അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.