അബൂദബി: രാജ്യത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ നട്ടുച്ചയ്ക്കുള്ള ശവസംസ്‌കാര ചടങ്ങുകൾ പരമാവധി ഒഴിവാക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫേഴ്സ്, എൻഡോവ്മെന്റ് ആൻഡ് സക്കാത്ത് (ഔഖാഫ്) നിര്‍ദേശിച്ചു. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രസ്താവന ഔഖാഫ് പുറപ്പെടുവിച്ചത്. അതിരാവിലെയോ വൈകുന്നേരങ്ങളിലോ സംസ്‌കാരച്ചടങ്ങുകള്‍ നടത്തണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയുള്ള സമയത്തെ സംസ്‌കാരം ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് സൂര്യാതപമേല്‍ക്കാനോ തളര്‍ന്നുപോവാനോ ഉള്ള സാധ്യത കൂടുതലാണ്. കുട്ടികൾ, വയോധികർ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർക്ക് കനത്ത ചൂടേൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. കടുത്ത ചൂടിൽ നിന്ന് സംരക്ഷണമേകുന്നതിനായി പള്ളികളിലും പൊതു സ്ഥലങ്ങളിലും തണൽ ഇടങ്ങൾ ഒരുക്കുമെന്ന് ഔഖാഫ് ഇക്കഴിഞ്ഞ മേയിൽ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തുടനീളം വേനൽചൂട് പാരമ്യത്തിലെത്തിയിരിക്കുകയാണ്. അബൂദബി, അൽഐൻ മേഖലകളിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കനത്ത ചൂടിന്‍റെ പശ്ചാത്തലത്തിൽ പുറം തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമ നിയമവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.