അൽഐൻ റോഡിലെ മഴ ദൃശ്യം
ദുബൈ: വേനൽചൂട് പാരമ്യത്തിലെത്തി നിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറു ആശ്വാസമായി മഴയും ആലിപ്പഴവർഷവും. വെള്ളിയാഴ്ച ഉച്ചക്കുശേഷം അൽഐനിലെ വിവിധ ഭാഗങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. അസ്ഥിര കാലാവസ്ഥക്ക് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
മോശം കാലാവസ്ഥയിൽ ജാഗ്രത പുലർത്താൻ അബൂദബി സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകിയിരുന്നു. വാദികളിലും വെള്ളക്കെട്ടുള്ള ഭാഗങ്ങളിലും മഴ പെയ്യുമ്പോൾ വാഹനം നിർത്തരുതെന്നും ആവശ്യമായ മുൻകരുതലെടുക്കണമെന്നും സിവിൽ ഡിഫൻസ് എക്സിലൂടെ അഭ്യർഥിച്ചു.
അൽ ഐനിന്റെ വിവിധ ഭാഗങ്ങളിൽ മഴയുടെ ചിത്രങ്ങൾ യാത്രക്കാർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അൽ ഹൈർ നാഹൽ റോഡിലെ മഴ ദൃശ്യങ്ങളാണ് കൂടുതലായും പുറത്തുവന്നിട്ടുള്ളത്.
അതേസമയം, അൽഐനിലെ സ്വയ്ഹാനിൽ വെള്ളിയാഴ്ച താപനില 51.6 ഡിഗ്രി സെൽഷ്യസിലെത്തിയതായും എൻ.സി.എം റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് ഒന്ന് മുതൽ 15 വരെ കനത്ത ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് എൻ.സി.എം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.