ദുബൈ: 2015 മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി യാത്രചെയ്തവരുടെ എണ്ണം 100 കോടി കടന്നു. ഫെഡറൽ കോംപിറ്ററ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കടന്നുപോയ വിമാനങ്ങളുടെ എണ്ണം ആകെ 64 ലക്ഷം കടന്നിട്ടുമുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ വളരെ സുപ്രധാനമായ വളർച്ച കൈവരിക്കാൻ വ്യോമയാന മേഖലക്ക് സാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വ്യോമ ഗതാഗത ഗുണനിലവാര സൂചികയിൽ യു.എ.ഇ ആഗോള തലത്തിൽ യു.എ.ഇ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്താണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതോടൊപ്പം മറ്റു അഞ്ച് സൂചികകകളിൽ ലോക തലത്തിൽ ആദ്യ പത്തിൽ ഇടംപിടിക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
രാഷ്ട്ര നേതൃത്വത്തിന്‍റെ ദീർഘദൃഷ്ടിയുടെയും, പ്രാദേശികമായും ആഗോളതലത്തിലും സുപ്രധാന മേഖലയിൽ മൽസരക്ഷമതയും വളർച്ചയും ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടിന്‍റെയും പ്രതിഫലനമാണ് നേട്ടമെന്ന് റിപ്പോർട്ട് വിലയിരുത്തി. വ്യോമയാന മേഖല ദേശീയ സമ്പദ്വ്യവസ്ഥയിൽ വലിയ രൂപത്തിൽ സംഭാവന ചെയ്യുന്ന രംഗമായി വളർന്നിട്ടുണ്ട്.
കഴിഞ്ഞ പത്തു വർഷത്തിനിടെ സിവിൽ ഏവിയേഷൻ മേഖല കൈവരിച്ച അസാധാരണ നേട്ടങ്ങൾക്ക് കാരണം നേതൃത്വത്തിന്റെ മാർഗനിർദേശപ്രകാരം സ്വീകരിച്ച ദേശീയ തന്ത്രങ്ങളുടെയും സംരംഭങ്ങളുടെയും വിജയമാണെന്ന് സാമ്പത്തിക, ടൂറിസം മന്ത്രിയും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി(ജി.സി.എ.എ) ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. വളരെ സുപ്രധാന നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം ഈ മേഖല ഭാവിയെ രൂപപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, യു.എ.ഇ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ എണ്ണം 2015ൽ 11.48 കോടിയായിരുന്നത് നിന്ന് 2024ൽ 14.78 കോടിയായി ഉയർന്നിട്ടുണ്ട്. 2015നും 2024നും ഇടയിൽ എത്തിച്ചേരൽ, പുറപ്പെടൽ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവയുൾപ്പെടെ മൊത്തം യാത്രക്കാരുടെ എണ്ണമാണ് 100കോടി പിന്നിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.