അബൂദബിയിൽ വാക്‌സിൻ വിതരണ ഹബ്ബിലേക്ക്​ എത്തിയ ആദ്യ വാക്​സിൻ ലോഡ്

അബൂദബിയിൽ വാക്‌സിൻ വിതരണ ഹബ്ബ് പ്രവർത്തനമാരംഭിച്ചു

അബൂദബി: മേഖലയിലെ വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുന്നതിന്​ സഹായിക്കുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അബൂദബിയിൽ ആരംഭിച്ചു. ആരോഗ്യ പരിചരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്​ വാക്‌സിന്‍ വിതരണ ഹബ്​ സ്ഥാപിച്ചിട്ടുള്ളത്​. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഡോസ് വാക്‌സിനുകൾ ഇവിടെ നിന്ന്​ വിതരണം ചെയ്യും. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ അതികായനായ ഗ്ലാക്‌സോസ്മിത്‌ക്ലൈനും അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസ്, അബൂദബി പോര്‍ട്‌സ് ഗ്രൂപ്പ്, ഇത്തിഹാദ് കാര്‍ഗോ എന്നിവയും സഹകരിച്ചാണ് ഹബ്ബ് വികസിപ്പിച്ചത്.

ഖലീഫ ഇക്കോണമിക് സോണ്‍സ് അബൂദബി(കെസാദ്)യിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. പ്യൂവര്‍ ഹെല്‍ത്തിന്റെ ഉപസ്ഥാപനമായ റാഫിദിനാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തന ചുമതല. കേന്ദ്രത്തിലേക്ക് ആദ്യ ലോഡ് കഴിഞ്ഞദിവസം എത്തിച്ചേര്‍ന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുമായി കുട്ടികള്‍ക്കും മുതിന്നവര്‍ക്കും ആവശ്യമായ ഇരുപതിലേറെ വാക്‌സിനുകൾ കേന്ദ്രത്തിലൂടെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും.

വാക്‌സിനുകള്‍ താപനില നിയന്ത്രിത സാഹചര്യത്തില്‍ സൂക്ഷിക്കുന്നതിനുമുള്ള നൂതന ശീത ശൃംഖലയും സ്മാര്‍ട്ട് വിതരണ സാങ്കേതികവിദ്യയും കേന്ദ്രത്തിനുണ്ട്. അബൂദബിയെ നൂറിലേറെ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഇത്തിഹാദ് എയര്‍വേസിന്റെ മരുന്ന് വിതരണ ചരക്ക് സേവനമായ ഫാര്‍മ ലൈഫ് നെറ്റ് വര്‍ക്കുമായാണ് അബൂദബിയുടെ വാക്‌സിന്‍ ഹബ് ബന്ധിപ്പിച്ചിരിക്കുന്നത്. വേഗത്തിലും കൃത്യതയിലും വിശ്വാസ്യതയിലും മേഖലയെ സേവിക്കാനുള്ള നമ്മുടെ സന്നദ്ധതയെ സൂചിപ്പിക്കുന്നതാണ് അബൂദബിയിലെ റീജ്യനല്‍ വാക്‌സിന്‍ ഹബ്ബിന്റെ തുടക്കമെന്ന് അബൂദബി ആരോഗ്യ വകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ. നൂറ ഖാമിസ് അല്‍ ഗൈഥി പറഞ്ഞു.

ലോകത്ത് നാലാമതും പശ്ചിമേഷ്യയിലെ ആദ്യത്തെയും വാക്‌സിന്‍ വിതരണ കേന്ദ്രമാണ് അബൂദബിയില്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഗ്ലാക്‌സോസ്മിത്‌ക്ലൈന്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ ബോയ്ഡ് കോങ്‌ഫൈസല്‍ അറിയിച്ചു. കോവിഡ് മഹാമാരി കാലത്താണ് അബൂദബിയും ഗ്ലാക്‌സോസ്മിത്‌ക്ലൈനും തമ്മിലുള്ള സഹകരണത്തിന് തുടക്കമായത്.

Tags:    
News Summary - Vaccine distribution hub begins operations in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.