ദുബൈ: പൊതുമാപ്പിന് ശേഷവും വിസ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തുന്നതിന് രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി). ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിൽ വിസ നിയമം ലംഘിച്ച 32,000 പ്രവാസികൾ പിടിയിലായതായി അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച കണക്കുകൾ ഐ.സി.പി പുറത്തുവിട്ടത്.
യു.എ.ഇയിലെ താമസ, തൊഴിൽ നിയമങ്ങൾ പ്രവാസികൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. പിടിയിലായവരെ നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറും. അതുവരെ ഇവരെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു. വിസ നിയമ ലംഘകരുടെ എണ്ണം കുറക്കാനും താമസക്കാർക്കും സന്ദർശകർക്കും മാന്യമായ ജീവിതം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് രാജ്യവ്യപാകമായി ഐ.സി.പി പരിശോധന ശക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഐ.സി.പി രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടം സെപ്റ്റംബർ മുതൽ ഒക്ടോബർ 31വരെ രണ്ട് മാസത്തേക്കായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് രണ്ട് മാസം കൂടി നീട്ടി ഡിസംബർ 31വരെയ ആക്കുകയായിരുന്നു. ഈ കാലയവളിൽ അനധികൃതമായി യു.എ.ഇയിൽ തങ്ങുന്ന പ്രവാസികൾക്ക് വിസ നിയമവിധേയമാക്കുന്നതിനും പിഴയോ നിയമനടപടികളോ നേരിടാതെ രാജ്യം വിടുന്നതിനും അവസരം ലഭിച്ചിരുന്നു.
കൂടാതെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവർക്ക് നിയമ തടസ്സമില്ലാതെ തിരികെ വരാനും അനുമതി നൽകിയിരുന്നു. പതിനായിരക്കണക്കിന് പ്രവാസികളാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്. പൊതുമാപ്പിനായി അപേക്ഷ നൽകുന്നവരെ സഹായിക്കുന്നതിനായി ജി.ഡി.ആർ.എഫ്.എയും ഇന്ത്യൻ എംബസി ഉൾപ്പെടെയുള്ളവരും സന്നദ്ധ സംഘടനകളും ഹെൽപ്പ് ഡസ്കുകളും തുറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.