നഖങ്ങളുടെ ഭംഗി നമ്മുടെ മൊത്തത്തിലുള്ള ലുക്കിനെ ഒന്നുകൂടി വർധിപ്പിക്കും. പല നിറത്തിലുമുള്ള നെയിൽ പോളിഷുകളും കൃത്രിമ നഖങ്ങളുമെല്ലാം ഇന്ന് താങ്ങാവുന്ന വിലയിൽ ലഭ്യവുമാണ്. അതുകൊണ്ടുതന്നെ ഇത്തരം സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് ഇന്ന് മിക്കവരും. എന്നാൽ, ജെൽ നെയിൽ പോളിഷുകൾ ഉപയോഗിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. സ്ഥിരമായി ജെൽ നെയിൽ പോളിഷുകൾ ഉപയോഗിക്കുന്നത് അലർജികൾ ഉണ്ടാകാനും ചർമ രോഗങ്ങൾക്കും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് കോസ്മെറ്റോളജിസ്റ്റായ ഡോ. ആരതി ഭാസിൻ. ഇവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾതന്നെയാണ് പാർശ്വ ഫലങ്ങൾക്ക് കാരണം. ഈ രാസവസ്തുക്കൾക്ക് ഈയിടെ യൂറോപ്പ് വിലക്കേർപ്പെടുത്തിയെന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
എങ്ങനെയാണ് ജെൽ നെയിൽ പോളിഷ് വില്ലനാകുന്നത്? നമ്മുടെ നഖങ്ങൾക്ക് ഈ കെമിക്കലുകളെ വലിച്ചെടുക്കാനുള്ള ശേഷി കുറവാണ്. പക്ഷേ, നഖത്തിന് ചുറ്റുമുള്ള ചർമത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതുവഴി ഈ വിഷവസ്തുക്കൾ ശരീരത്തിലെത്തും. സ്ഥിരമായി ജെൽ നെയിൽ പോളിഷുകൾ ഉപയോഗിക്കുകയും വീര്യം കൂടിയ കെമിക്കലുകൾ ഉപയോഗിച്ച് അത് റിമൂവ് ചെയ്യുകയും ചെയ്യുമ്പോൾ മാത്രമാണ് ആരോഗ്യത്തിന് ഭീഷണിയാകുന്നതെന്നും ആരതി കൂട്ടിച്ചേർക്കുന്നു. നഖങ്ങൾ നേർത്തുവരുന്നതിനും ചർമം വരണ്ടതാകാനും ചൊറിച്ചിലിനും ഇത് വഴിവെക്കുന്നു.
സ്ഥിര ഉപയോഗം ഒഴിവാക്കി ഇടവേളകളിൽ ഇവ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മാത്രമല്ല, ചിലർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗസാധ്യത കൂടുതലുമായിരിക്കും. ഗർഭിണികളും അലർജിയുള്ളവരും ദുർബലമായ നഖങ്ങളുള്ളവരും കൂടുതൽ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.