പട്ടിണി കിടക്കേണ്ട, കാർബ്സ് ഒഴിവാക്കേണ്ട, ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവെച്ച് മലൈക അറോറ

പ്രായത്തെ വെല്ലുന്ന ഫിറ്റ്നസും സൗന്ദര്യവും കൊണ്ട് ആരാധകരുടെ പ്രിയ താരമാണ് മലൈക അറോറ. 49 കഴിഞ്ഞിട്ടും അസൂയാവഹമായ സൗന്ദര്യം സൂക്ഷിക്കുന്ന മലൈക സോഹ അലി ഖാന്‍റെ 'ഓൾ എബൗട്ട് വിത്ത് സോഹ അലിഖാൻ' എന്ന പോഡ്കാസ്റ്റിൽ തന്‍റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

ആരോഗ്യത്തിനു മുൻഗണന നൽകുമ്പോളും സ്വയം പട്ടിണി കിടക്കുകയോ ട്രെന്‍റി ഫാഷനുകൾ പിന്തുടരുകയോ ചെയ്യുന്നില്ല. മാത്രമല്ല, ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കുന്നുമില്ല. ഇഷ്ടമുള്ളതെന്തും കഴിക്കാം, എന്നാൽ കുറഞ്ഞ, അല്ലെങ്കിൽ മിതമായ അളവിലായിരിക്കണമെന്ന് മലൈക പറഞ്ഞു. താൻ രാവിലെ ഭക്ഷണത്തിനു മുൻപ് വ്യായാമം ചെയ്യുന്നയാളാണ്, എന്നാൽ എല്ലാവരും അങ്ങനെയാവണം എന്നില്ല. എല്ലാവരും വ്യത്യസ്തരാണ്. മറ്റുള്ളവരെ അന്ധമായി പകർത്തുന്നതിനു പകരം നിങ്ങളുടെ ശരീരത്തെ കേൾക്കേണ്ടതാണ് പ്രധാനം. അവനവന്‍റെ ശരീരപ്രകൃതത്തിനനുസരിച്ചുള്ള വ്യായാമവും ഭക്ഷണക്രമവുമാണ് സ്വീകരിക്കേണ്ടത്.

എത്ര തിരക്കുള്ള ദിവസങ്ങളാണെങ്കിലും താൻ വിശന്നിരിക്കാറില്ല, മിക്കപ്പോളും ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുപോകും. ഫാൻസി പ്രോട്ടീൻ ഷേക്കുകളോ സപ്ലിമെന്‍റുകളോ താൻ ഉപയോഗിക്കാറില്ലെന്നും പൂർണമായും സ്വാഭാവികമായ ഭക്ഷണ ക്രമമാണ് പിന്തുടരുന്നതെന്നും മലൈക അറോറ പറഞ്ഞു. തടി കുറയ്ക്കുന്നതിനായി കാർബ്സ് ഒഴിവാക്കുന്നത് മിത്താണെന്നും ഇത് മുടികൊഴിച്ചിൽ, ക്ഷീണം, തലകറക്കം എന്നിവയ്ക്കെല്ലാം കാരണമാകാം. അതുകൊണ്ട് എല്ലാം അൽപാൽപം കഴിക്കുക എന്നതാണ് നല്ലതെന്നും മലൈക.

രണ്ടു വർഷങ്ങളായി താരം ഇന്‍റർമിറ്റന്‍റ് ഫാസ്റ്റിങ്ങാണ് ചെയ്യുന്നത്. നിങ്ങൾ എന്ത് കഴിക്കുന്നു എന്നതിനേക്കാൾ എപ്പോൾ കഴിക്കുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ് ഇന്‍റർമിറ്റന്‍റ് ഫാസ്റ്റിങ്ങിനുള്ളത്. നെയ്യ് ആണ് മലൈകക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം. കൃത്യമായ ഉറക്കം, വെള്ളം, അച്ചടക്കം, സ്ഥിരത ഇവയെല്ലാം ഉണ്ടെങ്കിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും താരം പറഞ്ഞു.

Tags:    
News Summary - Malaika Arora shares her simple food routine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.