ഉത്തരാഖണ്ഡിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ നടനും ചലച്ചിത്ര നിർമാതാവുമായ ഫർഹാൻ അക്തർ. ഉത്തരാഖണ്ഡിലെ ഹർസിൽ, ധരാലി ജില്ലകളിലെ താമസക്കാരെ സഹായിക്കുന്നതിനായി നടൻ 50 ഫോണുകൾ സംഭാവന ചെയ്തതായാണ് റിപ്പോർട്ട്.
ഗുരുഗ്രാം ആസ്ഥാനമായുള്ള സംഘടനയായ ഭാരത് ഡിസാസ്റ്റർ റിലീഫ് ഫൗണ്ടേഷൻ സഹായം അഭ്യർഥിച്ചതിനെത്തുടർന്ന് ഫർഹാൻ ഏകദേശം 7,000 രൂപ വിലമതിക്കുന്ന 50 ഫോണുകൾ നൽകുകയായിരുന്നു. ആഗസ്റ്റ് 10ന് സംഘടനയിലെ ദിവ്യാൻഷു എന്ന വ്യക്തിയാണ് ഫർഹാന് സന്ദേശം അയച്ചത്. വെള്ളപ്പൊക്കത്തിൽ നിരവധി കുടുംബങ്ങൾക്ക് അവരുടെ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ ആളുകൾക്ക് അവരുടെ കുടുംബങ്ങളുമായും ബന്ധുക്കളുമായും ബന്ധം നഷ്ടപ്പെട്ടതിനാൽ അത് പുനഃസ്ഥാപിക്കാനും അവരുടെ അവസ്ഥ പരസ്പരം അറിയിക്കാനും ഈ ഫോണുകൾ അവരെ സഹായിച്ചു. മൊബൈൽ കണക്റ്റിവിറ്റിയുടെ അഭാവം അതിജീവിച്ചവരിൽ ഒരു പ്രധാന പ്രശ്നമായി ഉയർന്നുവന്നിരുന്നു. മോശം കാലാവസ്ഥ കാരണം, പലരും താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറി.
ആശയവിനിമയ മാർഗങ്ങളുടെ അഭാവം കുടുംബങ്ങൾക്ക് പരസ്പരം സുരക്ഷയെക്കുറിച്ച് ഉറപ്പുനൽകുന്നതിനോ അധിക സഹായം അഭ്യർഥിക്കുന്നതിനോ ബുദ്ധിമുട്ടാക്കി. ദിവസങ്ങളോളം ഒറ്റപ്പെട്ടതിനുശേഷം തങ്ങളുടെ പ്രിയപ്പെട്ടവരുമായി വീണ്ടും സംസാരിക്കുമ്പോൾ ആളുകൾക്ക് ആശ്വാസം തോന്നിയെന്നും ഒറ്റപ്പെടൽ കുറഞ്ഞെന്നും ഒരു വളണ്ടിയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.