മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ വനിത നേതൃത്വം വന്നതിൽ പ്രതികരിച്ച നടി റിമ കല്ലിങ്കൽ. താനതിനെ സ്വാഗതം ചെയ്യുന്നു എന്നാണ് റിമ പറഞ്ഞത്. മെമ്മറി കാർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാമെന്നും റിമ പറഞ്ഞു. കുറേ അന്വേഷണങ്ങളായല്ലോ, എല്ലാം നടക്കട്ടെ' എന്ന് റിമ കല്ലിങ്കൽ പറഞ്ഞു. അമ്മയിൽ നിന്ന് പോയവരെ തിരികെ കൊണ്ടുവരുമെന്ന ശ്വേത മേനോന്റെ വാക്കുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിനും താരം പ്രതികരിച്ചു.
'ഞാനൊരു കാര്യം പറയട്ടെ, ഞാനിവിടെ ഫിലിം ക്രിട്ടിക്സ് അവാർഡിന് വന്നതാണ്. എനിക്കിന്ന് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. നിങ്ങൾ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ. ഞാനൊരു ആർട്ടിസ്റ്റ് ആണ് ആദ്യം. അതെല്ലാവരും മറന്നു പോയി എന്നുള്ളതുണ്ടല്ലോ, ആ ഒരു പോയിന്റിലാണ് ഞാൻ നിൽക്കുന്നത്. അത്രയേ എനിക്ക് പറയാനുള്ളൂ'- റിമ പറഞ്ഞു.
അതേസമയം, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയും ശ്വേത പ്രസിഡന്റുമായ ഭരണസമിതി ചുമതലയേറ്റശേഷം ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമീഷനെ നിയോഗിക്കുമെന്ന് ശ്വേത അറിയിച്ചത്. അംഗങ്ങൾക്കിടയിലെ പരാതികൾ യോഗം ചർച്ച ചെയ്തതായും ശ്വേത അറിയിച്ചു.
പരാതികൾ പരിഹരിക്കാൻ ഉപ സമിതികൾ രൂപവത്കരിക്കും. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കും. സംഘടനയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ തിരികെ കൊണ്ടുവരാൻ ശ്രമങ്ങളുണ്ടാകും. പ്രശ്നങ്ങൾ സംഘടനക്കുള്ളിൽതന്നെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൈനീട്ടം, സഞ്ജീവനി തുടങ്ങിയ പദ്ധതികൾ തുടരാനും തീരുമാനിച്ചതായി അവർ പറഞ്ഞു.
‘മീ ടു’ വിവാദ കാലത്ത് വനിത അംഗങ്ങൾ നടത്തിയ തുറന്നു പറച്ചിലുകൾ റെക്കോർഡ് ചെയ്ത് മെമ്മറി കാർഡിൽ സൂക്ഷിച്ചിരുന്നു. ഇത് കുക്കു പരമേശ്വരൻ കൊണ്ടുപോയെന്നും അത് തിരികെ ഏൽപ്പിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഉഷ ഹസീന പറയുന്നു. ഇത് സംബന്ധിച്ച് സംഘടനക്കും മുഖ്യമന്ത്രി, വനിത കമീഷൻ, മനുഷ്യാവകാശ കമീഷൻ, ഡി.ജി.പി എന്നിവർക്കും ഉഷ പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന് കാണിച്ച് ഡി.ജി.പിക്ക് കുക്കുവും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.