പരം സുന്ദരി എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തന്നെ നായിക ജാൻവി കപൂറിന്‍റെ കഥാപാത്രം ചർച്ചയായിട്ടുണ്ട്. ചിത്രത്തിൽ മലയാളി വേരുകളുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയുടെ ഉച്ചാരണത്തിനും സ്റ്റൈലിങ്ങിനും വിമർശനങ്ങൾ നേരിടുന്നുണ്ട്. ഇപ്പോൾ, തന്റെ കഥാപാത്രത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചും ഈ പ്രോജക്റ്റിലേക്ക് തന്നെ ആകർഷിച്ചതെന്താണെന്നും പങ്കുവെച്ചിരിക്കുകയാണ് ജാൻവി കപൂർ.
ഇ.റ്റി ഡിജിറ്റലുമായുള്ള സംഭാഷണത്തിൽ വിമർശനങ്ങളെ അവർ നേരിട്ട് അഭിസംബോധന ചെയ്തില്ല. മറിച്ച് പരമസുന്ദരിയിലെ തന്റെ കഥാപാത്രം പാതി തമിഴും പാതി മലയാളിയുമാണെന്നും സമ്മിശ്ര പാരമ്പര്യമുള്ള വ്യക്തിയാണെന്നും നടി വ്യക്തമാക്കി. താൻ വളരെക്കാലമായി ആരാധിച്ചിരുന്ന ഒരു സംസ്കാരം അവതരിപ്പിക്കാൻ ഈ കഥ അനുവദിച്ചതിനാലാണ് സിനിമ തെരഞ്ഞെടുത്തതെന്ന് ജാൻവി പറഞ്ഞു. മലയാള സിനിമയുടെ ആരാധികയായതിനാൽ, സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു.
പരം സുന്ദരിയിലെ അവരുടെ ഉച്ചാരണ ശൈലിയെയും വസ്ത്രധാരണത്തെയും കുറിച്ചുള്ള ഓൺലൈൻ ട്രോളുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വിശദീകരണം. ജാൻവിയുടെ പ്രകടനത്തെയും മലയാളി ഐഡന്റിറ്റി ചിത്രീകരിച്ച രീതിയെയും വിമർശിക്കുന്ന വിഡിയോ മലയാള ഗായിക പവിത്ര മേനോൻ പങ്കിട്ടിരുന്നു. തുടർന്ന് പകർപ്പവകാശ പരാതിയെത്തുടർന്ന് ഇൻസ്റ്റാഗ്രാം തന്റെ വിഡിയോ പിൻവലിച്ചതായി പവിത്ര വെളിപ്പെടുത്തി.
സിദ്ധാർഥ് മൽഹോത്രയും ജാൻവി കപൂറും ഒന്നിച്ച, തുഷാർ ജലോട്ട സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'പരം സുന്ദരി'. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നതോടെ, വലിയ വിമർശനമാണ് ചിത്രം നേരിടുന്നത്. ദിനേശ് വിജന്റെ പ്രൊഡക്ഷൻ ഹൗസ് നിർമിക്കുന്ന ചിത്രം 2025 ആഗസ്റ്റ് 29ന് തിയറ്ററുകളിൽ എത്തും. കത്തോലിക്ക വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാൽ ചിത്രത്തിലെ ഒരു രംഗം നീക്കം ചെയ്യണമെന്ന് ക്രിസ്ത്യൻ സംഘടനയായ വാച്ച്ഡോഗ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.