'ദി കശ്മീർ ഫയൽസ്' എന്ന സിനിമയെ ഹൈപ്പർ-പൊളിറ്റിക്കൽ എന്ന് വിശേഷിപ്പിച്ച നടൻ ജോൺ എബ്രഹാമിനെ വിമർശിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ജോൺ എബ്രഹാം സിനിമ നിർമിക്കുന്നതിനുപകരം ബോഡി ബിൽഡിങ്ങിലും ബൈക്ക് സവാരിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ വിവേക് അഗ്നിഹോത്രി ആവശ്യപ്പെട്ടു. അദ്ദേഹം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
'ദി ബംഗാൾ ഫയൽസ്' എന്ന ചിത്രവും വിവേക് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്യുന്നത്. ആളുകളെ വശീകരിക്കാൻ വേണ്ടിയുള്ള 'ദി കശ്മീർ ഫയൽസ്', 'ഛാവ' പോലുള്ള ഒരു സിനിമ താൻ ഒരിക്കലും നിർമിക്കില്ലെന്ന് ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ജോൺ എബ്രഹാം പറഞ്ഞതിന് പിന്നാലെയാണ് അഗ്നിഹോത്രിയുടെ പ്രസ്താവന. എൻ.ഡി.ടി.വിയോട് സംസാരിക്കുകയായിരുന്നു വിവേക് അഗ്നിഹോത്രി.
ജോൺ എബ്രഹാം ഒരു നടൻ മാത്രമാണെന്നും ഒരു ചരിത്രകാരനോ ബുദ്ധിജീവിയോ അല്ലെന്നും അദ്ദേഹം പറഞ്ഞു. 'ജോൺ ഒരു ചരിത്രകാരനോ ബുദ്ധിജീവിയോ ചിന്തകനോ എഴുത്തുകാരനോ അല്ല. ഏതെങ്കിലും മഹാനായ ചരിത്രകാരൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് നിങ്ങൾ എന്നോട് പറഞ്ഞിരുന്നെങ്കിൽ, എനിക്ക് അത് മനസ്സിലാകുമായിരുന്നു. അദ്ദേഹം എന്താണ് പറയുന്നതെന്ന് എനിക്ക് പ്രശ്നമല്ല. ഇന്ത്യയുടെ അന്തരീക്ഷം എപ്പോഴാണ് ഹൈപ്പർ പൊളിറ്റിക്കലല്ലാത്തത്? ഇന്ത്യയിൽ ഹിന്ദു-മുസ്ലീം, ജാതി പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലേ?' -അദ്ദേഹം കൂട്ടിച്ചേർത്തു.
ഛാവ, ദി കശ്മീർ ഫയൽസ് പോലുള്ള സിനിമകൾ നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ എന്ന ചോദ്യത്തിന് 'ഛാവ കണ്ടിട്ടില്ല, പക്ഷേ ആളുകൾക്ക് അത് ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ദി കശ്മീർ ഫയൽസും അങ്ങനെ തന്നെ. എന്നാൽ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിൽ ആളുകളെ സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെ സിനിമകൾ നിർമിക്കുകയും അത്തരം സിനിമകൾക്ക് പ്രേക്ഷകരെ ലഭിക്കുകയും ചെയ്യുമ്പോൾ, അതെന്നെ ഭയപ്പെടുത്തുന്നു. ഞാൻ ഒരിക്കലും അത്തരം സിനിമകൾ നിർമിക്കില്ല' -എന്നായിരുന്നു ജോൺ മറുപടി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.