സൂര്യനിൽ ഉണ്ടാകുന്ന പൊട്ടിത്തെറികൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടാക്കുന്ന അസ്വസ്ഥതകൾ മനുഷ്യന്‍റെ ആരോഗ്യത്തെ പ്രത്യേകിച്ച് രക്ത സമ്മർദത്തെ ബാധിക്കുമെന്ന് ചൈനയിൽ നിന്നൊരു പഠന റിപ്പോർട്ട്. ക്വിങ്ഡാവോ, വീഹായ് നഗരങ്ങളിലെ 5 ലക്ഷത്തിലധികം ആളുകളുടെ രക്തസമ്മർദത്തെക്കുറിച്ച് 6 വർഷം കൊണ്ട് വിശകലനം ചെയ്ത് നടത്തിയ പഠനത്തിലാണ് ഇത്തരത്തിൽ വിവരങ്ങൾ പുറത്തുവന്നത്. ലഭിച്ച വിവരങ്ങളെ സൗരോർജത്തിലുണ്ടാകുന്ന മാറ്റം മൂലമുണ്ടാകുന്ന ഭൗമ കാന്തിക പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്തു. പഠനത്തിലെ കണ്ടെത്തലുകൾ കമ്യൂണിക്കേഷൻ മെഡിസിൻ എന്ന പ്രസിദ്ധീകരണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
രക്ത സമ്മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനത്തിന്‍റെ തീവ്രതയെ ഭൗമ കാന്തിക അസ്വസ്ഥകൾ സ്വാധീനിക്കുമെന്നാണ് പഠനത്തിലുള്ളത്. രക്ത സമ്മർദത്തെ സ്വാധീനിക്കുന്ന ഈ ഭൗമ പ്രതിഭാസം ഓരോ കൃത്യമായ ഇടവേളകളിൽ പ്രത്യേക താളത്തിലാണ് സംഭവിക്കുന്നതെന്ന് പഠനം പറയുന്നു. അതായത് ഓരോ 6 മാസത്തിലും. ചിലപ്പോൾ ഓരോ മൂന്നു മാസത്തിലും. രക്ത സമ്മർദത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് വായുവിന്‍റെ താപനിലയും വായു മലിനീകരണവും.
സൗരക്കാറ്റുകൾ ഒരുപാടുണ്ടാകുമ്പോൾ ഇത്തരം മാറ്റങ്ങൾ കൂടുതലായി അനുഭവപ്പെടുകയും അത് ശാരീരിക അവസ്ഥകളെ ബാധിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് പറയുന്നു. രക്ത സമ്മർദത്തെയാണ് ഇത് കൂടുതൽ ബാധിക്കുക. പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ രക്ത സമ്മർദത്തെയാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്ന് പറയുന്നുണ്ട് പഠനം. ഹൈപ്പർ ടെൻഷനുള്ള ആളുകളിൽ ഈ പ്രതിഭാസം കൂടുതലായി കണ്ടുവരുന്നുവെന്ന് പറയുന്നുണ്ട്. നയ രൂപീകരണത്തിൽ ബഹിരാകാശ അന്തരീക്ഷവും ഉൾപ്പെടുത്തുന്നതിന് ഈ പഠന റിപ്പോർട്ട് പരിഗണിക്കേണ്ടതുണ്ടെന്ന് ഗവേഷകർ പറയുന്നു. സൗര കാറ്റുകൾ സാറ്റ് ലൈറ്റ്, പവർ ഗ്രിഡ് എന്നവയെയൊക്കെ ബാധിക്കുമെങ്കിലും മനുഷ്യ ശരീരത്തെ ബാധിക്കുമെന്നത് പുതിയ പഠന തലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.