ഭക്ഷണം മുന്നിൽ കണ്ടാൽ ഒന്നു നോക്കാതെ വാരിവലിച്ചു കഴിക്കുകയും ശേഷം, അമിത ഭക്ഷണത്തെക്കുറിച്ച് കുറ്റബോധം തോന്നുകയും ചെയ്യുാറുണ്ടോ? എങ്കിൽ അത്തരക്കാർക്കിതാ ഒരു ‘മനഃശാസ്ത്ര’ ഭക്ഷണ ക്രമം. ശ്രദ്ധയില്ലാതെ കഴിക്കുന്ന ശീലത്തിൽനിന്ന് ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നയാളാകാൻ ‘ജോർഡൻ ഫോർമുല’ പരീക്ഷിച്ചു നോക്കൂ എന്നാണ്, പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് രചൂത ദിവേകർ പറയുന്നത്. വടയും ചട്നിയും കഴിക്കുന്ന ഉദാഹരണത്തോടെയാണ് രചൂത ഇത് വിശദീകരിക്കുന്നത്. ‘‘പ്ലേറ്റിൽ ഒരു വടയെടുത്തു വെച്ച് കഴിക്കുക. എന്നിട്ട് രണ്ടാമത്തെ വട എടുക്കുന്നതിനു മുമ്പ് സ്വയം ഉറപ്പിക്കുക, തനിക്ക് മൂന്നാമതൊരു വട കൂടി കഴിക്കാനാകുമോ എന്ന്.
മൂന്നാംവട കഴിക്കാൻ കഴിയില്ലെന്നും രണ്ടെണ്ണം മതിയാകും എന്നുമാണ് തോന്നുന്നതെങ്കിൽ പിന്നെ രണ്ടാമത്തേത് എടുക്കാതെ ഒന്നിൽതന്നെ അവസാനിപ്പിക്കുക. ഇതാണ് ശ്രദ്ധാപൂർവമുള്ള ഭക്ഷണം കഴിക്കൽ. നിങ്ങൾക്ക് മൂന്നെണ്ണം കഴിക്കാൻ സാധിക്കുമെന്നാണെങ്കിൽ രണ്ടാംവട കഴിഞ്ഞ് മൂന്നാമത്തേതും കഴിച്ചേക്കുക’’ -ബോളിവുഡ് നായിക കരീന കപൂറിന്റെ ന്യൂട്രീഷ്യനിസ്റ്റ് കൂടിയായ രചൂത പറയുന്നു. ഇനി നിങ്ങൾക്ക് നാലാം വട വേണമെന്ന് തോന്നുന്നെങ്കിൽ സ്വയം ചോദിക്കുക, അഞ്ചാമത്തേത് കഴിക്കാൻ സാധിക്കുമോ എന്ന്. ഇല്ല എന്നാണെങ്കിൽ നാലിലേക്ക് പോകാതെ മൂന്നിൽ അവസാനിപ്പിക്കണമെന്നും അവർ നിർദേശിക്കുന്നു. ‘‘അതായത്, ഇരട്ടയക്കത്തിലേക്ക് പോകാതെ ഒറ്റയിൽ നിൽക്കുകയെന്നതാണ് ജോർഡൻ ഫോർമുല’’ -രചൂത കൂട്ടിച്ചേർക്കുന്നു.
പ്രമുഖ ഡയറ്റീഷ്യൻ കനിക മൽഹോത്ര ഇത് വിശദീകരിക്കുന്നത് കാണുക: ‘‘ഒരു തവണകൂടി കഴിക്കാൻ എടുക്കുന്നതിനു മുമ്പ് ഒരു നിമിഷം നിർത്തി, വിശപ്പിന്റെ ആഴം എത്രയെന്ന് മനസ്സിലാക്കാൻ ജോർഡൻ ഫോർമുല സഹായിക്കും. ഈ ഒറ്റവിദ്യക്ക് ചില സാംസ്കാരിക പശ്ചാത്തലമുണ്ടെങ്കിലും ശ്രദ്ധാപൂർവമായ ഭക്ഷണശീലം വളർത്താൻ സഹായിക്കും. അതേസമയം, എക്സ്റ്റേണൽ നിയമങ്ങൾ ശീലിക്കുന്നതിലൂടെ ശരീരത്തിന്റ ആന്തരിക സിഗ്നലായ സ്വാഭാവിക വിശപ്പിൽനിന്ന് ഒരു ഫോർമുലയെ അനുസരിക്കുന്ന രൂപത്തിലേക്ക് ശ്രദ്ധ മാറാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. കൂടാതെ, ഒരാൾ ‘ശരീരത്തിന് യഥാർഥത്തിൽ വിശപ്പുണ്ടോ?’ എന്നതിനേക്കാൾ ‘ഞാൻ രണ്ടാമത്തെയോ മൂന്നാമത്തെയോ വട എടുക്കേണ്ടതുണ്ടോ’ എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ശ്രദ്ധാപൂർവമായ ഭക്ഷണശീലത്തിൽനിന്നുള്ള ഫലങ്ങൾ കുറക്കുമെന്നും അവർ മുന്നറിയിപ്പു നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.