ഇന്ത്യൻ യുവാക്കൾക്കിടയിൽ ഹ്യൂമൺ പാപ്പിലോമ വൈറസ് കാരണമുള്ള കാൻസർ വർധിക്കുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ

ന്യൂഡൽഹി: ഇന്ത്യയിലെ യുവാക്കളിൽ പ്രത്യേകിച്ച് 20, 30 വയസ്സുള്ളവർക്കിടയിൽ ഹ്യൂമൻ പാപ്പിലോമ വൈറസ്( എച്ച്.പി.വി)  കാൻസർ രോഗ സാധ്യത വർധിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി കാൻസർ രോഗ വിദഗ്ദർ. എച്ച്.പി.വി വൈറസ് മൂലമുള്ള ഗർഭാശയ കാൻസർ, വായിൽ വരുന്ന കാൻസർ എന്നിങ്ങനെ വർധിച്ചു വരുന്ന കേസുകൾ നിയന്ത്രിക്കാൻ അടിയന്തിരമായി നടപടി എടുത്തില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിൽ ഇന്ത്യയെ കൊണ്ടു ചെന്നെത്തിക്കുമെന്നാണ് ഡോക്ടർമാർ ആശങ്കപ്പെടുന്നത്.

തൊണ്ടയിലും വായിലും ഗർഭാശയത്തിലും കാൻസർ ബാധിച്ചെത്തുന്ന 20കളിലുള്ള ചെറുപ്പക്കാരുടെ കേസുകളിൽ പലതും കൃത്യമായി വാക്സിനേഷനും അവബോധവും ലഭിച്ചാൽ ഒഴിവാക്കാനാകുന്നതാണെന്ന് ന്യൂ ഡൽഹിയിലെ അമെറിക്സ് കാൻസർ ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജി മേധാവി ഡോ.ആഷിഷ് ഗുപ്ത പറയുന്നു.

എച്ച്.പി.വി പ്രതിരോധിക്കാൻ കഴിയുന്നതായിട്ടുകൂടി പലർക്കും ഇതിനെക്കുറിച്ച് അവബോധമില്ലാതെ പോകുന്നുവെന്നത് ദുഃഖകരമാണെന്ന് ഡോ. ഗുപ്ത പറയുന്നു. സാവധാനം വികസിച്ചു വരുന്ന മറ്റു കാൻസറുകളിൽ നിന്ന് വ്യത്യസ്തമായി എച്ച്.പി.വി വളരെ വേഗം നിശബ്ദമായി യുവാക്കളിൽ പടർന്നു പിടിക്കുന്നു. മറ്റു ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പോലെ തന്നെ എച്ച്. പി.വി വാക്സിനേഷനും നേരത്തെയുള്ള രോഗ നിർണയവും ചികിത്സയും നടപ്പിലാക്കേണ്ടതുണ്ട്.

ഗർഭാശയ കാൻസറിന്‍റെ പ്രധാനകാരണക്കാരനാണ് എച്ച്.പി.വി. പുരുഷൻമാരിലും സ്ത്രീക‍ളിലും വായ, തൊണ്ട എന്നിവിടങ്ങളെ ബാധിക്കുന്ന കാൻസറിലും എച്ച്.പി.വി നിർണായകമാകുന്നുണ്ട്. എച്ച്.പി.വിയെക്കുറിച്ചുള്ള അവബോധമില്ലായ്മയും മിധ്യാധാരണയും വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

"എച്ച്.പി.വി മൂലമുള്ള കാൻസറുകൾ നേരത്തെ ഒരുപാടു രോഗ ലക്ഷണങ്ങൾ കാണിക്കില്ല. അതുകൊണ്ടാണ് കൃത്യമായ ഇടവേളകളിലുള്ള പരിശോധനകൾ ആവശ്യമായി വരുന്നത്. രോഗ ലക്ഷണമില്ലാത്ത ഒരു യുവതിയിൽ വ‍ളരെ നേരത്തെ തന്നെ ഗർഭാശയത്തിനുള്ളിൽ കാൻസറിനു മുന്നോടിയായിട്ടുള്ള മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയിട്ടുണ്ടാവും. ഇതേ പോലെ തന്നെ പുരുഷൻമാരിലും മുഴകൾ പൂർണ വളർച്ച എത്തുന്നതുവരെ കാൻസർ രോഗ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല." ധർമശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ.ശുഭം ഗാർഗ് പറയുന്നു.

മിക്കവാറും എച്ച്.പി.വി ഇൻഫെക്ഷനുകളും ശരീരം തന്നെ പ്രതിരോധിച്ച് ഇല്ലാതാക്കുമെങ്കിലും അപകട സാധ്യത കൂടിയവ ശരീരത്തിൽ അവശേഷിക്കുകയും കാൻസറിലേക്ക് നയിക്കുകയും ചെയ്യും. നിലവിൽ ഇന്ത്യയിൽ വാക്സിനുകൾ ലഭ്യമാണെങ്കിൽക്കൂടി എല്ലാ മുതിർന്നവർക്കും എച്ച്.പി.വി വാക്സിൻ നൽകുന്നതിനുള്ള പദ്ധതി നടപ്പിലാക്കിയിട്ടില്ല. കുട്ടികളിൽ ലൈംഗിക വളർച്ച എത്തുന്നതിനു മുമ്പ് വാക്സിനേഷൻ നൽകുന്നത് എച്ച്.പി.വി ബാധ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ആഗോള തലത്തിൽ പഠനങ്ങൾ ഉണ്ട്. മറ്റു രോഗങ്ങൾക്കുള്ളതുപോലെതന്നെ എച്ച്.പി.വിക്കും നിരന്തരമായ പരിശോധനകൾ ആവശ്യമാണ്.

പാപ് സ്മിയർ, എച്ച്.പി, വി ഡി.എൻ.എ ടെസ്റ്റ്, ഓറൽ സ്ക്രീനിങ് ഇവയൊക്കെ എല്ലാ ജില്ലാ ആശുപത്രികളിലും ഹെൽത്ത് സെന്‍ററുകളിലും ഏർപ്പെടുത്തണമെന്ന് ആഷിഷ് ഗുപ്ത പറയുന്നു. അതുപോലെ തന്നെ ഇത്തരം കാൻസറിനുള്ള ചികിത്സകൾ ദേശീയ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനുള്ള നയങ്ങൾക്കും രൂപം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മൾ സംസാരിക്കുന്നത് കൃത്യമായ രോഗ നിർണയത്തിലൂടെ പൂർണമായി ഒഴിവാക്കാൻ കഴിയുന്ന കാൻസറിനെക്കുറിച്ചാണെന്നും അതിനുള്ള അവസരം പാഴാക്കരുതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. 

Tags:    
News Summary - Oncologists warns on cancer related with HPV virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.