ചൂടിൽ ശരീരത്തിനു മാത്രല്ല, മനസ്സിനും വേണം കരുതൽ

ദുബൈയിൽ വെയിൽ കത്തിപ്പടരുമ്പോ, ശരീരം മാത്രമല്ല, മനസ്സും കീഴടങ്ങുന്നതു പോലെ തോന്നാറില്ലേ? കോപം വരുക, ക്ഷീണം തോന്നുക, ഒന്നിനും താൽപര്യം തോന്നാതെ വരുക.. ആകെ ഒരു മോശം അവസ്ഥ. ഇതൊക്കെ കാലാവസ്ഥ കൊണ്ട് മാത്രം തോന്നുന്നതല്ല, നമ്മുടെ മനസ്സ് നമുക്ക് തരുന്ന ചില സൂചനകൾ കൂടിയാണ്. വേനൽക്കാലം നമ്മുടെ ശരീരത്തെ മാത്രമല്ല, മനസ്സിനെയും പരീക്ഷിക്കുന്ന സമയമാണ്. എങ്ങനെ ഈ ചൂടിനെ മനസ്സു കൊണ്ട് അതിജീവിക്കാം എന്ന് നോക്കാം.

ചൂട് മനസ്സിനെ എങ്ങനെ ബാധിക്കുന്നു ?

ദേഷ്യവും അസഹിഷ്ണുതയും: കോപവും ക്ഷമക്കുറവും വെയിലിനൊപ്പം കൂടുന്നവയാണ്. ഓഫീസിലെ ചെറിയ പ്രശ്‌നങ്ങൾ, ട്രാഫിക്കിൽ കുടുങ്ങുന്നത്, അല്ലെങ്കിൽ കുട്ടികളുടെ കുസൃതി.. എല്ലാം വലിയ കാര്യമായി തോന്നും. ചൂട് നമ്മുടെ മനസ്സിന്‍റെ കൂൾ സ്വഭാവം എടുത്ത് കളയുന്നു. ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. ഉയർന്ന താപനില നമ്മുടെ വൈകാരിക സഹിഷ്ണുത കുറയ്ക്കുന്നു.

മനസ്സിന് ഊർജ്ജം കുറയുന്നു : ശരീരം എപ്പോഴും തണുപ്പിക്കാൻ ശ്രമിക്കുന്നതിനാൽ ശരീരത്തിന് ഊർജ്ജവും ആവേശവും കുറയുന്നു. അതുവഴി മനസ്സിനും ഊർജം കുറയും. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ക്ഷീണം, പുതിയ ആശയങ്ങൾ ഒന്നും തോന്നാത്ത അവസ്ഥ, മൂഡ് സ്വിങ്സ് - ഇതൊക്കെ വേനലിന്‍റെ പാർശ്വഫലങ്ങൾ തന്നെയാണ്. ക്രിയാത്മകമായി എന്തെങ്കിലും തോന്നുകയോ, തോന്നിയാൽ തന്നെ ചെയ്യാൻ മൂഡ് ഉണ്ടാവുകയോ ഇല്ല.

ഉറക്കം നഷ്ടമാകുന്നു : രാത്രി എസി ഓൺ ചെയ്തിട്ടും ചൂട് കാരണം നല്ല ഉറക്കം കിട്ടാത്തവർ ഉണ്ടാകാം. നല്ല ഉറക്കം കിട്ടാതിരിക്കുന്നത് നമ്മുടെ മനസ്സിന്‍റെ ശാന്തതയെ തകർക്കും. ശ്രദ്ധ കുറയുകയും മടുപ്പ് തോന്നുകയും ചെയ്യുന്നത് വളരെ സ്വാഭാവികമാണ്.

ഒറ്റപ്പെടലും വിഷാദവും : ചൂട് കാരണം പുറത്തിറങ്ങാൻ മടി, സുഹൃത്തുക്കളെ കാണാൻ പോകാതിരിക്കൽ, കുടുംബ പരിപാടികൾ ഒഴിവാക്കൽ എന്നിവ പതിയെ ഒറ്റപ്പെടലിന്‍റെ വികാരത്തിലേക്ക് നയിക്കും. വേനൽക്കാലത്ത് ഒറ്റപ്പെടലും അതുകാരണമുള്ള വിഷാദവും പൊതുവെ കൂടുതലാണ്.

വേനലിൽ എങ്ങനെ മനസ്സിനെ സംരക്ഷിക്കാം?

ചൂട് നമ്മുടെ ശരീരത്തെ തളർത്തിയാലും, മനസ്സിനെ ശക്തമാക്കാൻ ചില വഴികളുണ്ട്.

1 മനസ്സിന് ഒരു തണലിടം കണ്ടെത്തുക പുറത്ത് വെയിൽ കത്തുമ്പോഴും, മനസ്സിനെ ശാന്തമാക്കാനുള്ള വഴിയാണ് ധ്യാനവും ശ്വസന വ്യായാമങ്ങളും പോസിറ്റീവ് ചിന്തകളും. 

ധ്യാനം: ദിവസവും 5-10 മിനിറ്റ് ശാന്തമായി ഇരുന്ന് ധ്യാനിക്കുക.

കൂളിംഗ് ബ്രീത്ത്: ശീതളി പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുക. നാവ് ചുരുട്ടി ശ്വാസം എടുക്കുന്നത് മനസ്സിന് തണുപ്പ് നൽകും. പോസിറ്റീവ് വാക്കുകൾ: ‘ഞാൻ ശാന്തനാണ്, എനിക്ക് എല്ലാം കൈകാര്യം ചെയ്യാൻ പറ്റും’ എന്ന് ഇടയ്ക്കിടെ സ്വയം പറയുക.

2. വെള്ളം - ശരീരത്തിനും മനസ്സിനും ശരീരത്തിന് മാത്രമല്ല, മനസ്സിനും ജലാംശം വേണം. ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.വെള്ളത്തിൽ വെള്ളരി, പുതിന, അല്ലെങ്കിൽ നാരങ്ങ കഷണങ്ങൾ ഇട്ട് കുടിക്കൂ. ഇത് മനസ്സിന് ഉണർവും കുളിർമയും നൽകുന്നു. നിർജ്ജലീകരണം മനസ്സിന്‍റെ ബാലൻസ് തകർക്കും. അതുകൊണ്ട് വെള്ളം കുടിക്കാൻ റിമൈൻഡറുകൾ വെക്കുക. ഒറ്റയടിയ്ക്ക് ഒരുപാട് വെള്ളം കുടിക്കാതെ, അൽപാൽപമായി കുടിക്കുക.

3. ജീവിതത്തിന്‍റെ റിഥം മാറ്റുക

വേനലിൽ സ്ലോ ലിവിംഗ് സ്വീകരിക്കുക. രാവിലെ പതിയെ എഴുന്നേൽക്കുക, ഉച്ചയ്ക്ക് ഒരു ചെറിയ പവർ നാപ് എടുക്കുക, വൈകുന്നേരം ഒന്ന് റിഫ്‌ളക്ട് ചെയ്യുക. വ്യക്തിജീവിതവും തൊഴിൽ ജീവിതവും നന്നായി ബാലൻസ് ചെയ്ത് ആവശ്യത്തിന് വിശ്രമവും ഉറക്കവും ഉറപ്പാക്കുക.

4. വികാരങ്ങളെ മനസ്സിലാക്കുക

ദേഷ്യം വരുമ്പോൾ ഒന്ന് നിർത്തി ആലോചിച്ചു നോക്കുക. ഇത് ചൂട് കൊണ്ടാണോ, അതോ മറ്റെന്തെങ്കിലും കൊണ്ടാണോ എന്ന്. കാരണം കണ്ടെത്തുമ്പോൾ തന്നെ അതിനുള്ള പരിഹാരവും കണ്ടെത്താൻ കഴിയും. സ്വയം കുറ്റപ്പെടുത്താതിരിക്കുകയും മറ്റുള്ളവരോട് കരുണ കാണിക്കുകയും ചെയ്യുക. എല്ലാവരും ചൂടിന്‍റെ സമ്മർദ്ദത്തിലാണെന്നും അവർ ദേഷ്യപ്പെടുന്നതിന്റെ കാരണങ്ങൾ ഇതൊക്കെ തന്നെയാണെന്നും മനസ്സിലാക്കുക. ഒരു ഡയറിയിൽ വികാരങ്ങൾ എഴുതി വെക്കുന്നത് മനസ്സിന്റെ സമ്മർദ്ദത്തെ ലഘൂകരിക്കും.

5. സോഷ്യൽ കണക്ഷൻ നിലനിർത്തുക

പുറത്ത് പോകാൻ പറ്റിയില്ലെങ്കിലും, ഫോൺ കോൾ, വീഡിയോ കോൾ, അല്ലെങ്കിൽ വീട്ടിൽ ചെറിയ ഒത്തുചേരലുകൾ എന്നിവ സംഘടിപ്പിക്കുന്നത് മനസ്സിന് സന്തോഷവും ഉന്മേഷവും നൽകുന്നു. ചൂടിന്‍റെ കാഠിന്യം ബന്ധങ്ങളെ ബാധിക്കാൻ അനുവദിക്കരുത്. വേനൽക്കാലം വരും, പോകും. പക്ഷേ, ഈ ചൂടിൽ നമ്മുടെ മനസ്സിനെ എങ്ങനെ പരിചരിക്കുന്നു എന്നതാണ് നമ്മുടെ ശക്തി തീരുമാനിക്കുന്നത്. കഠിനമായ കാലാവസ്ഥയിലും പുഷ്പിക്കന്ന മരുപ്പൂവ് പോലെ മനസ്സിനെ വളർത്തിയെടുക്കാം.

Tags:    
News Summary - In the heat, not only the body but also the mind must be protected.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.