മനാമ: എനർജി ഡ്രിങ്ക്സ് കുടിച്ച് 16-കാരൻ മരിച്ച സംഭവത്തെത്തുടർന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി അധികൃതർ. കുട്ടികൾക്ക് എനർജി ഡ്രിങ്ക്സ് നൽകുന്നതിൽനിന്ന് രക്ഷിതാക്കൾ വിട്ടുനിൽക്കണമെന്നാണ് അധികൃതരും ആരോഗ്യവിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നത്. ഊർജ പാനീയങ്ങളിലെ ഉയർന്ന കഫീനും മറ്റ് രാസവസ്തുക്കളും ഹൃദയത്തെ അപ്രതീക്ഷിതമായ താളത്തിലാക്കുകയും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാവുകയും ചെയ്യാമെന്നാണ് വിദഗ്ദർ പറയുന്നത്.
ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ. അമീർ അൽഡെറാസിയും ഊർജ പാനീയങ്ങളുടെ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന നാഡീ, ഹൃദയ സംവിധാനങ്ങളെ ഈ പാനീയങ്ങൾ ദോഷകരമായി ബാധിക്കുമെന്നും, ഉയർന്ന അളവിലുള്ള കഫീൻ, പഞ്ചസാര, മറ്റ് ഉത്തേജകങ്ങൾ എന്നിവ ഉറക്കക്കുറവ്, ഉത്കണ്ഠ, ഏകാഗ്രതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, അമിതവണ്ണം, ദന്തരോഗങ്ങൾ, ഭാവിയിൽ പ്രമേഹം എന്നിവക്കുള്ള സാധ്യതയും വർധിപ്പിക്കുന്നു. ജനിതക ഹൃദ്രോഗങ്ങളുള്ള കുട്ടികൾക്ക് ഇത് കൂടുതൽ അപകടകരമാണെന്നും ഡോ. അമീർ കൂട്ടിച്ചേർത്തു.അമിതമായി എനർജി ഡ്രിങ്ക്സ് കുടിച്ചതിനെ തുടർന്ന് മുഹറഖിൽ 16 കാരനായ ഇബ്രാഹിം അൽ മുഹമ്മദ് എന്ന വിദ്യാർഥിയാണ് കഴിഞ്ഞയാഴ്ച മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം ഗെയിം കളിച്ചുകൊണ്ടിരിക്കെ അമിത അളവിൽ എനർജി ഡ്രിങ്ക്സ് കുടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കുട്ടി എനർജി ഡ്രിങ്ക്സ് കുടിച്ച് ക്ഷീണം തോന്നിയപ്പോൾ ഉറങ്ങാൻ പോവുകയായിരുന്നു. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉണരാത്തതിനെ തുടർന്ന് കൂട്ടുകാർ വിളിച്ചുനോക്കിയപ്പോഴാണ് പ്രതികരിക്കാത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് ഹൃദയമിടിപ്പ് നിലച്ചതിനെ തുടർന്നുണ്ടായ രക്തചംക്രമണ തകർച്ചയാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
കടകളിൽനിന്ന് 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്ക്സ് നൽകുന്നത് തടയണമെന്ന് ആവശ്യവുമായി എം.പി ഖാലിദ് ബു അനകും രംഗത്തെത്തി. കുട്ടികൾക്ക് എനർജി ഡ്രിങ്ക്സ് വിൽക്കുന്നവർക്ക് 2000 ദീനാർ വരെ പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രാലയവും വ്യവസായ, വാണിജ്യ മന്ത്രാലയവും തമ്മിൽ ഏകോപനം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ദുരന്തത്തെ തുടർന്ന് ബഹ്റൈനിലെ പല കുടുംബങ്ങളും വീടുകളിൽ നിന്ന് എനർജി ഡ്രിങ്ക്സ് ഒഴിവാക്കാൻ തീരുമാനിച്ചു. സുരക്ഷിതമായിരിക്കാൻ ഇത് അനിവാര്യമാണെന്ന് ചില രക്ഷിതാക്കൾ പറഞ്ഞു. 2017-ൽ ബഹ്റൈൻ ഊർജ പാനീയങ്ങളുടെ വില ഇരട്ടിയാക്കുന്ന സിൻ ടാക്സ് ഏർപ്പെടുത്തിയിരുന്നു. ഇത് ദോഷകരമായ ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.