പാലക്കാട്: രാജ്യത്തെ മോഡേൺ മെഡിസിനു കീഴിലെ ഡോക്ടർമാരുടെ കേന്ദ്രീകൃത വിവരശേഖരണം ലക്ഷ്യമിട്ട കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലെ നാഷനൽ മെഡിക്കൽ രജിസ്റ്റർ (എൻ.എം.ആർ) നടപടികൾ പാളി. ആരോഗ്യമേഖലയിലെ മുന്നേറ്റമെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ ഒരു വർഷം മുമ്പ് കൊണ്ടുവന്നതാണ് നാഷനൽ മെഡിക്കൽ രജിസ്റ്റർ.
ഡോക്ടർമാരുടെ അംഗീകാരത്തിന് രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നെങ്കിലും നടപടിക്രമങ്ങളിലെ സങ്കീർണതകളിൽ പരാതി ഉയർന്നതിനെത്തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലെ നാഷനൽ മെഡിക്കൽ കമീഷൻ ഇപ്പോൾ രജിസ്ട്രേഷൻ അപേക്ഷ നിർബന്ധമല്ലെന്ന് തിരുത്തി.
ആഗസ്റ്റ് എട്ടിന് ലോക്സഭാംഗത്തോട് വിഷയത്തിൽ അക്കാര്യം വ്യക്തമാക്കേണ്ടിവന്നതോടെ രാജ്യത്തെ മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് ആശ്വാസമാകുകയാണ് തീരുമാനം. അതേസമയം, രജിസ്ട്രേഷന്റെ പേരിൽ അനാവശ്യമായി വലച്ചതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
2019ലെ നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) നിയമത്തിലെ സെക്ഷൻ 31 പ്രകാരം നാഷനൽ മെഡിക്കൽ രജിസ്റ്റർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായാണ് 2024 ആഗസ്റ്റ് 23ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വിവരശേഖരണത്തിനായുള്ള എൻ.എം.ആർ പോർട്ടൽ ഉദ്ഘാടനം ചെയ്തത്.
ഡോക്ടർമാരുടെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പാക്കാനാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് നടപടിയെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ, എൻ.എം.ആർ രജിസ്ട്രേഷൻ പ്രക്രിയയിലെ സങ്കീർണതയും കാലതാമസവും പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് ഡോക്ടർമാരെ അകറ്റി. മാത്രമല്ല, കേരളത്തിൽ യൂനിവേഴ്സിറ്റികൾക്കു കീഴിൽ മെഡിക്കൽ കോളജുകളിൽ പഠിച്ച ഡോക്ടർമാർക്ക് ആരോഗ്യ സർവകലാശാല വന്നതോടെയുള്ള മാറ്റം വിശദീകരിക്കേണ്ടിവന്നു.
കൊച്ചിൻ മെഡിക്കൽ കൗൺസിൽ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലായതിനും ആധാറിലെ ഇനീഷ്യലുകളുടെയും ഔദ്യോഗിക രേഖകളിലെ പേരുമാറ്റത്തിനും വിശദീകരണം സമർപ്പിക്കേണ്ടിവന്നു. വിഷയത്തിൽ തുടക്കം മുതൽ ഇടപെട്ട വിവരാവകാശപ്രവർത്തകനായ ഡോ. കെ.വി. ബാബുവിന് 13 ലക്ഷം ഡോക്ടർമാരുള്ള രാജ്യത്ത് 996 ഡോക്ടർമാർ മാത്രമേ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്ന വിവരാവകാശ മറുപടി ലഭിച്ചതോടെയാണ് വിഷയം ചർച്ചയായത്.
ഇതിനെത്തുടർന്നുള്ള ഇടപെടലിലാണ് ലോക്സഭ എം.പി ആദിത്യയാദവ് ലോക്സഭയിൽ ചോദ്യം ഉന്നയിച്ചതും കേന്ദ്ര ആരോഗ്യ-ക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ രജിസ്ട്രേഷൻ നിർബന്ധമല്ലെന്നും സ്വമേധയാ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും അറിയിച്ചത്.
നിലവിൽ സംസ്ഥാനതലത്തിൽ കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടെന്നിരിക്കേ സംസ്ഥാനതലത്തിലെ കണക്കുകളുടെ ഏകോപനം മാത്രമേ ആവശ്യമുള്ളൂവെന്നും രജിസ്ട്രേഷൻ നിർബന്ധമല്ലെന്ന ഉത്തരവ് സ്വാഗതാർഹമാണെന്നും ഡോ. കെ.വി. ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.