പാകിസ്താനിൽ രണ്ട് പോളിയോ കേസുകൾ കൂടി; ഈ വർഷം റിപ്പോർട്ട് ചെയ്തത് 21 പോളിയോ കേസുകൾ

ഇസ്ലാമാബാദ്: പാകിസ്താനിൽ രണ്ട് പുതിയ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഈ വർഷം രോഗബാധിതരുടെ എണ്ണം 21 ആയി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പോളിയോ ഇപ്പോഴും വ്യാപകമായുള്ളത് പാകിസ്താനിലും അഫ്ഗാനിസ്താനിലുമാണ്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ കൊഹിസ്താൻ ലോവർ ജില്ലയിലും സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഖൈബർ പഖ്തുൻഖ്വയിൽ നിന്നുള്ള ആറ് വയസ്സുള്ള പെൺകുട്ടിക്കും സിന്ധിൽ 21 മാസം പ്രായമുള്ള പെൺകുട്ടിക്കും പോളിയോ ബാധിച്ചതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (എൻ.ഐ.എച്ച്) റീജിയണൽ റഫറൻസ് ലബോറട്ടറി ഫോർ പോളിയോ പറയുന്നു. ഇതോടെ 2025ൽ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 21 ആയി. ഇതിൽ ഖൈബർ പഖ്തൂൺഖ്വയിൽ 13 ഉം സിന്ധിൽ ആറും ഉൾപ്പെടുന്നു.

പഞ്ചാബ് പ്രവിശ്യയിൽ നിന്നും പാകിസ്താൻ അധിനിവേശ കശ്മീരിലെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ നിന്നും ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യത്ത് പോളിയോ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസം ആദ്യമാണ് ഖൈബർ പഖ്തൂൺഖ്വയിൽ ഈ വർഷത്തെ 19-ാമത്തെ പോളിയോ കേസ് സ്ഥിരീകരിച്ചത്.

2021ൽ പാകിസ്താനിൽ ഒരു കേസും 2023ൽ ആറ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2024ൽ 74 പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് പോളിയോ വൈറസിന്റെ വ്യാപിച്ചു. എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലുമുള്ള 99 ജില്ലകളിലായി അഞ്ച് വയസിന് താഴെയുള്ള 28 ദശലക്ഷത്തിലധികം കുട്ടികളെ ലക്ഷ്യമിട്ട് സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ സബ് നാഷണൽ പോളിയോ വാക്സിനേഷൻ കാമ്പയിൻ നടക്കും.

Tags:    
News Summary - Two more polio cases reported in Pakistan; 21 polio cases reported this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.