ഗര്‍ഭപാത്രത്തിന്റെ പേശികളില്‍ രൂപംകൊള്ളുന്ന മുഴകളാണ് ഫൈബ്രോയ്ഡുകള്‍ അല്ലെങ്കില്‍ ഗര്‍ഭാശയ മുഴകള്‍ എന്നറിയപ്പെടുന്നത്. സ്ത്രീകളില്‍ ആശങ്കക്ക് വഴിവെക്കുന്ന അവസ്ഥയാണിത്. ഫൈബ്രോയ്ഡുകളിൽ ഭൂരിഭാഗവും അപകടകാരികളല്ല, എന്നാൽ ഒരു ശതമാനത്തിൽ താഴെ സ്ത്രീകളിൽ ഇത് കാൻസറായി രൂപപ്പെടാറുണ്ട്. സാധാരണ 15നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയ്ഡുകള്‍ക്ക് സാധ്യതയുള്ളത്. ഈസ്ട്രജന്, പ്രോജസ്റ്ററോണ്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ അമിതമാകുന്നതാണ് ഫൈബ്രോയ്ഡുകള്‍ രൂപപ്പെടുന്നതിനുള്ള പ്രധാന കാരണം.
യഥാര്‍ഥത്തില്‍ ഗര്‍ഭാശയത്തിന്റെ ഭാഗമായുള്ള മൃദു പേശികളാണ് ഫൈബ്രോയ്ഡുകളായി രൂപപ്പെടാറുള്ളത്. അതേസമയം, ഗര്‍ഭാശയത്തില്‍ കണ്ടുവരുന്ന എല്ലാതരം ഫൈബ്രോയ്ഡുകളും അപകടകാരികളല്ല, ചിലത് മാത്രമാണ് ശാരീരിക അസ്വസ്ഥതകള്‍ക്കും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കും നയിക്കാറ്.
ലക്ഷണങ്ങള്‍
രോഗാവസ്ഥ അനുഭവിക്കുന്ന 70 ശതമാനം പേരിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നില്ല. എന്നാല്‍ ,ചിലരില്‍ വ്യത്യസ്ത തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
ചിലരിൽ രോഗ ലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും ഗർഭപാത്രത്തിൽ വലിയ മുഴ രൂപപ്പെട്ടിട്ടുണ്ടാകും. വളരെ സാവധാനത്തിൽ വളരുന്ന ഈ മുഴ വലുതായ ശേഷം മാത്രമാണ് അസ്വസ്ഥതകൾ അനുഭവപ്പെടുക. മൂത്രതടസ്സം, നടുവേദന, കാലിൽ നീര് തുടങ്ങിയവയാണ് ഇത്തരക്കാരിൽ അനുഭവപ്പെടുക.
വളരെ അപൂർവമായി മാത്രമാണ് ഫൈബ്രോയ്ഡ് കാരണം രോഗിക്ക് വേദന അനുഭവപ്പെടാറുള്ളത്. എന്നാൽ, കാൻസർ ആയി രൂപപ്പെടുന്ന ഘട്ടത്തിൽ വേദന ഉണ്ടാകാം. കൂടാതെ, ഗർഭാശയത്തിലെ മുഴ ഗർഭാശയഗളം വഴി താഴേക്ക് ഇറങ്ങുന്ന സാഹചര്യത്തിൽ പ്രസവവേദനക്ക് സമാനമായ വേദന അനുഭവപ്പെട്ടേക്കാം. ഫൈബ്രോയ്ഡിലേക്കുള്ള ഞരമ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള ബ്ലോക്ക് ഉണ്ടായാൽ അവിടെ രക്തം കട്ടപിടിച്ചും വേദന ഉണ്ടാകാം.
രക്തം കട്ടപിടിച്ച് പോകുന്നതോ അമിതമായ രക്തസ്രാവമോ കൂടുതൽ ദിവസം രക്തസ്രാവമുണ്ടാകുകയോ ചെയ്താൽ നിർബന്ധമായും ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്. അമിത രക്തസ്രാവം ഗൗനിക്കാതിരുന്നാൽ ഇത് ഗുരുതരമായ അനീമിയക്കും വഴിയൊരുക്കും.
ആർത്തവ വിരാമകാലത്തും ചിലരിൽ ഫൈബ്രോയ്ഡ് കണ്ടുവരാറുണ്ട്. പലപ്പോഴും ആർത്തവ കാലഘട്ടത്തിൽ തിരിച്ചറിയാതെ പോയ മുഴകൾ ചിലരിൽ കാൻസർ ആയി രൂപപ്പെട്ടേക്കാം.
സാധ്യതകൾ
അമിതവണ്ണമുള്ളവരിൽ ഫൈബ്രോയ്ഡുകള്‍ രൂപപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ പാരമ്പര്യ ഘടകങ്ങളും ജീവിതശൈലീ രോഗങ്ങളും ഇതിനു കാരണമാകാറുണ്ട്. അമിതവണ്ണമുള്ളവർ ഭാരം കുറക്കുന്നതിനായി കൃത്യമായ വ്യായാമം ചെയ്യുന്നത് ഗുണകരമാകും. അമിതമായ ജങ്ക് ഫുഡ്, റെഡ് മീറ്റ് എന്നിവയുടെ ഉപഭോഗം നിയന്ത്രിക്കുന്നതും നല്ലതാണ്. കൃത്യമായ ഇടവേളകളില്‍ സ്കാനിങ് നടത്തിയും മരുന്നുകള്‍ കഴിച്ചുകൊണ്ടും ഫൈബ്രോയ്ഡുകള്‍ അപകടാവസ്ഥയിലേക്ക് നീങ്ങാതെ നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍, ഇത്തരത്തില്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അവസ്ഥ ഗുരുതരമാകുന്നതിന് വഴിവെച്ചേക്കാം.
ശസ്ത്രക്രിയകൾ
വിവിധ രീതിയിലുള്ള ശസ്ത്രക്രിയകളിലൂടെ ഫൈബ്രോയ്ഡുകള്‍ നീക്കം ചെയ്യാന്‍ സാധിക്കും. മിക്ക കേസുകളിലും മുഴകള്‍ മാത്രമായി നീക്കം ചെയ്യാന്‍ സാധിക്കാറുണ്ട്. എന്നാല്‍ മുഴകളുടെ എണ്ണം, വലുപ്പം എന്നിവ അപകടകരമായ അവസ്ഥയിലാണെങ്കിൽ രോഗിയുടെ പ്രായം, ആരോഗ്യാവസ്ഥ എന്നിവ പരിഗണിച്ച ശേഷം ഗര്‍ഭപാത്രം പൂര്‍ണമായും നീക്കേണ്ടതായി വരും.
ഗർഭധാരണം ആഗ്രഹിക്കുന്ന 40 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകളിൽ ഫൈബ്രോയ്ഡ് ഉണ്ടാകുമ്പോൾ മുഴ മാത്രമായി നീക്കം ചെയ്യാറാണ് പതിവ്. എന്നാൽ, 45 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളിൽ ഫൈബ്രോയ്ഡും അമിതരക്തസ്രാവവും ഉണ്ടെങ്കിൽ ഗർഭപാത്രം തന്നെ നീക്കം ചെയ്യുകയാണ് ഉചിതം. ഗർഭാശയത്തിലുണ്ടാകുന്ന മുഴകൾ വജൈന വഴി തന്നെ നീക്കം ചെയ്യാവുന്നതാണ്. എന്നാൽ, രക്തസ്രാവമില്ലെങ്കിൽ ചെറിയ വലുപ്പത്തിലുള്ള മുഴകൾ നീക്കേണ്ടതില്ല.
ഗർഭിണികളിൽ ഫൈബ്രോയ്ഡ് അപകടകരമായ അവസ്ഥയിലാണെങ്കിൽ ഇവ സുരക്ഷിതമായി നീക്കംചെയ്യാം. എല്ലാ ഫൈബ്രോയ്ഡും വന്ധ്യതയുണ്ടാക്കാറില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ വന്ധ്യതയുണ്ടാകുന്നതിന് ഫൈബ്രോയ്ഡ് ഒരു കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.